Monday, January 22, 2018 Last Updated 34 Min 8 Sec ago English Edition
Todays E paper
Ads by Google
അമ്പിളി പുലിയന്നുര്‍
Sunday 14 Jan 2018 11.07 AM

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടമായി പമ്പക്ക്; ഗ്രാമീണ സര്‍വീസുകളുടെ താളം തെറ്റി

KSRTC Bus

തിരുവനന്തപുരം: മകരവിളക്ക് കണ്ട് തൊഴുത് മലയിറങ്ങുന്ന അയ്യപ്പ ഭക്തരെ തിരികെ നാട്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടമായി പമ്പയിലേക്ക് പുറപ്പെട്ടതോടെ സംസ്ഥാനമൊട്ടാകെയുള്ള കോര്‍പ്പറേഷന്റെ സര്‍വീസുകള്‍ താളം തെറ്റി. ഗ്രാമീണ-ആദിവാസി മേഖലകളിലേതുള്‍പ്പെടെ സര്‍വീസ് നടത്തുന്ന കൂടുതല്‍ ബസുകളും പമ്പക്ക് അയച്ചതോടെ ഇന്നലെ മുതല്‍ സംസ്ഥാനത്തെ പൊതുഗതാഗതസംവിധാനം താറുമാറായി.ഇന്ന് വൈകിട്ടോടെ പമ്പയില്‍ നിന്ന് തിരിക്കുന്ന ബസുകള്‍ രണ്ടു ദിവസത്തിനു ശേഷമേ അതത് ഡിപ്പോകളില്‍ തിരിച്ചെത്തു. അതുവരെ ഗതാഗതക്ലേശം രൂക്ഷമാകും.

വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കെ.എസ്.ആര്‍.ടി.സി കൂടുതല്‍ കളക്ഷന്‍ നേടാനാണ് ഇക്കുറി എല്ലാ ജീല്ലകളില്‍ നിന്നും കൂടുതല്‍ ബസുകള്‍ 12 മുതല്‍ പമ്പയിലേക്ക് അയച്ചിരിക്കുന്നത്. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും തിരക്ക് അനുസരിച്ച് ബസുകളെ പമ്പയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. സാധാരണ ശബരിമല സീസണില്‍ പുതിയ ബസുകളായിരുന്നു ഇക്കാലമെത്രയും കോര്‍പ്പറേഷന്‍ പമ്പയിലേക്ക് അയച്ചിരുന്നത്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. ചരിത്രത്തില്‍ ആദ്യമായി പമ്പാ സര്‍വീസിന് പുതിയ ബസുകള്‍ അയക്കാത്ത കോര്‍പ്പറേഷന്‍ സംസ്ഥാനമൊട്ടാകെയുള്ള ഡിപ്പോകളില്‍ നിന്ന് ദീര്‍ഘദൂര റൂട്ടുകളില്‍ ഓടിയിരുന്ന 138 ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ബദല്‍ സംവിധാനങ്ങളൊരുക്കാതെ പിന്‍വലിച്ചാണ് അയച്ചത്. ഡ്യൂട്ടി പുന:ക്രമീകരണത്തിന്റെ പേരില്‍ ആവശ്യത്തിനു ബസുകള്‍ ഭൂരിപക്ഷം ഡിപ്പോകളിലും ഇല്ലെന്നിരിക്കെയായിരുന്നു ഇത്.

ഇതിനു പുറമേയാണ് കുടുതല്‍ ബസുകള്‍ ഇക്കുറി പമ്പയിലേക്ക് അയച്ചത്. വയനാട് ജില്ലയില്‍ നിന്നു മാത്രം 37 ബസുകളാണ് പമ്പാ സര്‍വീസിനായി കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. കല്‍പ്പറ്റ, മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്നുള്ള കൂടുതല്‍ കലക്ഷന്‍ ലഭിച്ചു കൊണ്ടിരുന്ന ബസുകളാണ് പമ്പക്ക് വിട്ടത്. ഇവയില്‍ ഗ്രാമീണ-ആദിവാസി മേഖലകളിലേക്കുള്ള ഏകബസുകളും ഉള്‍പ്പെടുന്നു. മറ്റു 13 ജില്ലകളിലെയും സ്ഥിതി ഭിന്നമല്ല. കഴിഞ്ഞ സീസണില്‍ മകരവിളക്കിന് ശേഷം മലയിറങ്ങിയ തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് ബസുകള്‍ ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷനു കഴിഞ്ഞിരുന്നില്ല. ഭാഗ്യം കൊണ്ടാണ് ദുരന്തം അന്ന് ഒഴിവായത്. തീര്‍ത്ഥാടകരും ജീവനക്കാരും തമ്മില്‍ അന്ന് സംഘര്‍ഷവും ഉണ്ടായി. പുതിയ ബസുകള്‍ ഇല്ലാത്തതിനാല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് പോലും വര്‍ഷങ്ങള്‍ പഴക്കമുള്ള ബസുകളാണ് ഇക്കുറി അയച്ചിരിക്കുന്നത്.കാലപഴക്കം ചെന്ന ബസുകള്‍ പമ്പയിലേക്ക് അയച്ചിരിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

Ads by Google
അമ്പിളി പുലിയന്നുര്‍
Sunday 14 Jan 2018 11.07 AM
TRENDING NOW