Tuesday, January 23, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.26 AM

സാമ്പത്തിക പ്രതിസന്ധി: വഴിതെളിച്ചത്‌ ശമ്പള, പെന്‍ഷന്‍ ചെലവിലെ വന്‍ വര്‍ധന

uploads/news/2018/01/183498/bft1.jpg

രണ്ടുമാസത്തിലധികമായി കടുത്ത ട്രഷറി നിയന്ത്രണങ്ങള്‍ മൂലം ശമ്പളവും പെന്‍ഷനും ഒഴിച്ചുള്ള മറ്റു ബില്ലുകള്‍ ട്രഷറിയില്‍ പാസാക്കുന്നില്ല. മാസത്തിലെ ആദ്യ പത്തു ദിവസങ്ങളില്‍ ട്രഷറിയില്‍നിന്നു ശമ്പളവും, പെന്‍ഷനും മാത്രമേ വിതരണം ചെയ്യുന്നുള്ളൂ. പത്തുലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ പാസാക്കുന്നതിനു തടസമില്ലെന്ന്‌ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും മറ്റിനങ്ങള്‍ക്കുള്ള ചെറിയ തുകയുടെ ബില്ലുകള്‍ പോലും ട്രഷറി പാസാക്കുന്നില്ല.
ഒരു ട്രഷറി വഴി ശരാശരി 100 കോടിരൂപ വരെ ദിവസേന വിതരണം ചെയ്‌തിരുന്നിടത്ത്‌ ഇപ്പോള്‍ നാമമാത്രമായ തുകയെ വിതരണം ചെയ്യുന്നുള്ളൂ.
സേവിങ്‌ ബാങ്ക്‌ അക്കൗണ്ടുകളിലെ തുക പിന്‍വലിയ്‌ക്കാന്‍ പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മരാമത്ത്‌ പണി നടത്തിയ 1400 കോടിരൂപയുടെ കുടിശിക ലഭിയ്‌ക്കാതെ പണികള്‍ ഏറ്റെടുക്കുകയില്ലെന്ന നിലപാടിലേക്ക്‌ കരാറുകാര്‍ നീങ്ങുന്നു. മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക്‌ പോലും പണം കൊടുക്കാന്‍ കഴിയുന്നില്ല.
സംസ്‌ഥാനത്തെ 1200 തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ബില്ലുകള്‍ മാറാനാകുന്നില്ല. സംസ്‌ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഭയാനകമാണെന്നും ശമ്പളവും പെന്‍ഷനും എത്ര നാള്‍ കൊടുക്കാനാകും എന്നത്‌ പോലും സംശയത്തിലാണെന്നും ഒരു മന്ത്രി പ്രസ്‌താപിച്ചിരിയ്‌ക്കുന്നു. ചുരുക്കത്തില്‍ സംസ്‌ഥാനരൂപീകരണത്തിനു ശേഷം ഏറ്റവും വലിയ ധനകാര്യ തകര്‍ച്ച നേരിട്ടകാലഘട്ടത്തിനു (1998-99 മുതല്‍ 2000-01 വരെ) സമാനമായ സ്‌ഥിതിയാണ്‌ ഇന്നുള്ളത്‌.
സംസ്‌ഥാനം രൂക്ഷധനപ്രതിസന്ധിയിലാണെന്നും ഈ നിലയ്‌ക്കാണ്‌ ധനസ്‌ഥിതി മുന്നോട്ട്‌ പോകുന്നതെങ്കില്‍ 2017-18 ല്‍ സംസ്‌ഥാനം ധനകാര്യ തകര്‍ച്ചയിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും നീങ്ങുമെന്നും 2016ലെ ധവളപത്രം പ്രവചിച്ചിരുന്നു. ഈ പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമായി. നികുതി ഭരണത്തിലെ കെടുകാര്യസ്‌ഥതയും, അഴിമതിയും മൂലമുള്ള നികുതി വരുമാനത്തിലെ ഇടിവ്‌, ചെലവുകള്‍ നിയന്ത്രിക്കുന്നതിലെ വീഴ്‌ചകള്‍ എന്നിവയാണ്‌ രൂക്ഷധനപ്രതിസന്ധിയുടെ കാരണമായി ധവളപത്രം ചൂണ്ടികാണിച്ചത്‌. ധനകാര്യ തകര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌് പുറത്ത്‌ സ്വയംഭരണ സ്‌ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, പൊതുമേഖല സ്‌ഥാപനങ്ങള്‍ തുടങ്ങിയവയിലേക്കും വ്യാപിച്ചിരിയ്‌ക്കുന്നു.
സംസ്‌ഥാനത്ത്‌ അനുവര്‍ത്തിച്ച്‌ വരുന്ന ധനധൂര്‍ത്ത്‌ രാഷ്‌ട്രീയവും അതിലധിഷ്‌ടിതമായ ധനനയങ്ങളും ധനഭരണത്തിലെ കെടുകാര്യസ്‌ഥതയും മോശമായ ധനകാര്യ മാനേജ്‌മെന്റുമാണ്‌ നിത്യനിദാനചെലവുകള്‍ (നോണ്‌പ്ലാ ന്‍ റവന്യൂ ചെലവ്‌) ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരാന്‍ കാരണം. കഴിഞ്ഞ മൂന്നു ദശാബ്‌ദകാലത്തെ സംസ്‌ഥാനധനസ്‌ഥിതി പരിശോധിച്ചാല്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ ഉപസംഘടനകളായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ സമ്മര്‍ദം മൂലം അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണവും വര്‍ഷത്തില്‍ ശരാശരി രണ്ട്‌ ഡി.എ. വര്‍ദ്ധനവും സൃഷ്‌ടിക്കുന്ന അധിക ധനബാധ്യതയാണ്‌ പ്രതിസന്ധിയുടെ മൂലകാരണമെന്ന്‌ കാണാം.
ഇന്നത്തെ ധനകാര്യ തകര്‍ച്ചയുടെയും പ്രധാനകാരണം ഇതാണ്‌. പത്തുവര്‍ഷത്തേക്ക്‌ ശമ്പളകമ്മിഷന്‍ ശുപാര്‍ശ ചെയ്‌ത ഉയര്‍ന്ന തോതിലുള്ള ശമ്പളസ്‌കെയിലുകള്‍ അഞ്ചുവര്‍ഷത്തേക്ക്‌ മാറ്റി നടപ്പിലാക്കി. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുബോഴുള്ള അധിക ബാധ്യത 5277 കോടിരൂപയെന്നാണ്‌ ശമ്പള കമ്മിഷന്റെ കണക്ക്‌. എന്നാല്‍ യഥാര്‍ഥ അധിക ബാധ്യത 6000 മുതല്‍ 7000 കോടി രൂപയാണ്‌. ഈ അധിക ബാധ്യത താങ്ങാനുള്ള കഴിവ്‌ ഇല്ലാതെ സംസ്‌ഥാനം ധനകാര്യതകര്‍ച്ചയിലെത്തി.
കഴിഞ്ഞ ശമ്പളപരിഷ്‌ക്കരണം സര്‍ക്കാരിന്റെ ധനസ്‌ഥിതിയില്‍ വരുത്തിയ ആഘാതം എന്താണെന്നു പരിശോധിക്കാം. 2016 ജനുവരിയിലാണ്‌ പരിഷ്‌ക്കരണം നടപ്പിലാക്കിയതെങ്കിലും ഇതിന്‌ 2014 ജൂലൈ മുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരുന്നു. നടപ്പിലാക്കിയ ആദ്യ വര്‍ഷം 2016-17ല്‍ ശമ്പള-പെന്‍ഷന്‍ ചെലവ്‌ 17 ശതമാനവും, രണ്ടാം വര്‍ഷം 2017-18ല്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധന 17 ശതമാനവുമാണ്‌. ബജറ്റ്‌ എസ്‌റ്റിമേറ്റ്‌ അനുസരിച്ച്‌ 2017-18 സാമ്പത്തിക വര്‍ഷത്തെ ഈ ഇനത്തിലുള്ള മൊത്തം ചെലവ്‌ 50529 കോടിരൂപയാണ്‌.
അതായത്‌ സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റൊ 54 ശതമാനവും ശമ്പള പെന്‍ഷന്‌ മാത്രമായി ചെലവാക്കുന്നു.
ശമ്പളപരിഷ്‌ക്കരണത്തിന്റെ ഒരു ഭാഗം പി.എഫ്‌. ല്‍ ലയിപ്പിക്കുന്നത്‌ കൊണ്ട്‌ ഈ ബാധ്യത ഇതിലും കൂടുതലാവാനാണ്‌ സാധ്യത. ഈ ഇനത്തില്‍ സൃഷ്‌ടിക്കപ്പെട്ട അധിക ബാധ്യതയും, മറ്റും നിറവേറ്റാന്‍ സംസ്‌ഥാന നികുതികളിലും, ജി.എസ്‌.ടി.യിലും ഉള്ള വന്‍ധന പര്യാപ്‌തമല്ല എന്നതാണ്‌ യാഥാര്‌ത്ഥ്യം . ഇപ്പോഴത്തെ ധനകാര്യ തകര്‍ച്ചയ്‌ക്ക് അടിസ്‌ഥാന കാരണവും ഇതാണ്‌.
ധനകാര്യ തകര്‍ച്ചയിലേക്ക്‌ നയിച്ച മറ്റ്‌ കാരണങ്ങള്‍ താഴെ പറയുന്നു. (1). നിത്യ നിദാന ചെലവുകള്‍ നിറവേറ്റാന്‍ വേണ്ടി വര്‍ഷങ്ങളായി വന്‍തോതിതില്‍ കടം വാങ്ങുന്നത്‌ മൂലമുള്ള ഉയര്‍ന്ന തോതിലെ റവന്യൂ കമ്മിയും, ധനകമ്മിയും.
(2). അധിക ബാധ്യത സൃഷ്‌ടിക്കുന്ന ബ്യൂറോക്രസി വികസനം, അനാവശ്യ തസ്‌തികകളും, സ്‌ഥാപനങ്ങളും സൃഷ്‌ടിക്കല്‍, നഷ്‌ടത്തില്‍ നടക്കുന്ന സ്‌ഥാപനങ്ങളുടെ നഷ്‌ടം നികത്താന്‍ ധനസഹായം തുടങ്ങിയവ. (3). സര്‍ക്കാരിന്റെ മൊത്തം ശമ്പള-പെന്‍ഷന്‍ ചെലവില്‍ മൂന്നിലൊന്നോളം വരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അനിയന്ത്രിതമായ ചെലവ്‌ വര്‍ദ്ധകന. (4). ഭരണവര്‍ഗത്തിന്റെ ആഡംബരത്തിനു വേണ്ടിയുള്ള ധനധൂര്‍ത്ത്‌ സൃഷ്‌ടിക്കുന്ന സാമ്പത്തിക ബാധ്യതകള്‍. (5). വിഭവങ്ങള്‍ കണക്കിലെടുക്കാതെ പെരുപ്പിച്ച വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കല്‍, വര്‍ധിച്ച കടബാധ്യത മൂലമുള്ള വായ്‌പ പലിശ തിരിച്ചടവ്‌. (6). നികുതി, നികുതിയേതര നിരക്കുകളിലും കാലാനുസരണം മാറ്റം വരുത്താത്തതും, മോശമായ നികുതി പിരിവും.
ധവളപത്രം ഈ വര്‍ഷം ധനതകര്‍ച്ച യുണ്ടാകുമെന്ന്‌ മുന്‍കൂട്ടി പ്രവചിച്ചിട്ടും അത്‌ പരിഹരിക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരികാത്ത കെടുകാര്യസ്‌ഥതയാണ്‌ ഇന്നത്തെ ഈ ദു:സ്‌ഥിതിയ്‌ക്ക് കാരണം. ഇന്നത്തെ തകര്‍ച്ചയ്‌ക്കുള്ള പ്രധാനകാരണം 2016 ജനുവരിയില്‍ നടത്തിയ ശമ്പളപരിഷ്‌കരണവും അതുമൂലം ഉണ്ടായ അധിക ധനബാധ്യതയുമാണ്‌.
ഇതുമൂലം നിത്യനിദാന ചെലവുകള്‍ക്ക്‌ പോലും പണം ഇല്ലാത്ത സ്‌ഥിതി സൃഷ്‌ടിച്ചിരിയ്‌ക്കുന്നു. 1999-2001 കാലത്തെ ധനതകര്‍ച്ച പരിഹരിയ്‌ക്കാന്‍ സ്വീകരിച്ചതിനു സമാനമായ കടുത്ത നടപടികള്‍ ഈ തകര്‍ച്ച പരിഹരിയ്‌ക്കാന്‍ ആവശ്യമാണ്‌.

ഡോ. ബി.എ. പ്രകാശ്‌

(ലേഖകന്‍ കേരള പബ്ലിക്‌ എക്‌സ്പെന്‌ഡികച്ചര്‍ റിവ്യൂ കമ്മിറ്റി, അഞ്ചാം സംസ്‌ഥാന ധനകാര്യകമ്മിഷന്‍ എന്നിവയുടെ അധ്യക്ഷന്‍ ആയിരുന്നു)

Ads by Google
Sunday 14 Jan 2018 02.26 AM
YOU MAY BE INTERESTED
TRENDING NOW