Tuesday, January 23, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
സി.എസ്. സിദ്ധാര്‍ത്ഥന്‍
Saturday 13 Jan 2018 08.26 AM

അനുജന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജ്യേഷ്ഠന്റെ പോരാട്ടം രണ്ടുവര്‍ഷം; സെക്രേട്ടറിയറ്റിനു മുന്നില്‍ 760 ദിവസമായി സമരം

uploads/news/2018/01/183206/niraharam.jpg

തിരുവനന്തപുരം : പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്നു മരിച്ച അനുജന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജ്യേഷ്ഠന്റെ പോരാട്ടം രണ്ടുവര്‍ഷം പിന്നിട്ടിട്ടും നീതി അകലെ. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ രമണിയുടെ മകന്‍ ശ്രീജിത്താണു സഹോദരന്‍ ശ്രീജീവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടു സെക്രേട്ടറിയറ്റിനു മുന്നില്‍ 760 ദിവസമായി സമരം നടത്തുന്നത്.

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും െകെയൊഴിഞ്ഞ ശ്രീജിത്തിനു സാമൂഹികമാധ്യമങ്ങളുടെ പിന്തുണയുണ്ട്. ''ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്'' എന്ന ഹാഷ്ടാഗില്‍ നടക്കുന്നതു ശക്തമായ പ്രചാരണമാണ്. 2014 മേയ് 21 നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. പാറശാല പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്കു ശ്രമിച്ചെന്നും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസാണു അറിയിച്ചത്. ആശുപത്രിയിലെത്തി അടുത്ത ദിവസം ശ്രീജീവ് മരിച്ചു.

സഹോദരന്റെ ശരീരമാസകലം മര്‍ദനമേറ്റതായി ശ്രീജിത്ത് കണ്ടിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതൊന്നും രേഖപ്പെടുത്തിയില്ല. സമീപവാസിയായ ഒരു യുവതിയുമായി സ്‌നേഹത്തിലായിരുന്ന ശ്രീജീവിനെ ആരുടെയോ താല്‍പ്പര്യപ്രകാരം പോലീസ് പിടിച്ചു കൊണ്ടുപോയെന്നാണു ശ്രീജിത്ത് സംശയിച്ചത്. മറ്റു കേസുകളൊന്നും സഹോദരന്റെ പേരിലില്ലായിരുന്നു.

സംശയം ശക്തമായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കു പരാതി നല്‍കിയെങ്കിലും ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് 2015 മേയ് അവസാനവാരം മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമാരംഭിക്കുകയായിരുന്നു.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുന്‍പു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. കസ്റ്റഡിയിലെ ഭീകര മര്‍ദനം മൂലമാണു ശ്രീജീവ് മരിച്ചതെന്നു അതോറിറ്റി കണ്ടെത്തി. പാറശാല സി.ഐയായിരുന്ന ഗോപകുമാര്‍, എസ്.ഐ: ബിജുകുമാര്‍. ഡി, എ.എസ്.ഐ: ഫിലിപ്പോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായിരുന്ന പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവരെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചാണു അതോറിറ്റി സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയത്.

അവരെ സര്‍വീസില്‍ നിന്നു മാറ്റിനിര്‍ത്തി പ്രത്യേകസംഘം അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുക, ഡി.ജി.പി. അന്വേഷണത്തിനു മേല്‍നോട്ടം നല്‍കുക, കുടുംബത്തിനു പത്തുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കുക എന്നീ നിര്‍ദേശങ്ങളാണു അതോറിറ്റി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീജിത്തിന്റെ വീട്ടിലെത്തി പോലീസ് പത്തുലക്ഷംരൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കി. തുടര്‍ നടപടികളൊന്നും മുന്നോട്ടുപോയില്ല. നീതി നല്‍കണമെന്ന ആവശ്യവുമായി ചീഫ്‌സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ മുന്നിലെത്തി.

അതോറിറ്റിയുടെ ശിപാര്‍ശകളെല്ലാം നടപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്ന അവര്‍ ഉത്തരവിറക്കി. എന്നാല്‍, ഉത്തരവ് സെക്രട്ടേറിയറ്റിലെ ഫയലില്‍ മുങ്ങി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രിയായ പിണറായി വിജയനെ ശ്രീജിത്ത് നേരിട്ടുകണ്ടു. നീതിലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടും ഒന്നും സംഭവിച്ചില്ല. സഹോദരന്റെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ സമരം അവസാനിപ്പിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ശ്രീജിത്ത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW