Tuesday, January 23, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 07.58 AM

ആറു മാസം മുമ്പ് കൊച്ചിയിലെ ആക്രിക്കട വിറ്റു ; മോഷ്ടാക്കളില്‍ ചിലരെ നൂര്‍ഖാന്‍ നവംബര്‍ മുതല്‍ ഒപ്പം കൂട്ടി; കൊച്ചികവര്‍ച്ചയും മുങ്ങലും ആസൂത്രിതം

uploads/news/2018/01/183205/kochi-ronbbery.jpg

കൊച്ചി: കൊച്ചി കവര്‍ച്ചയും കേരളത്തില്‍ നിന്നുള്ള മുങ്ങലും നൂര്‍ഖാനും സംഘവും നേരത്തേ തന്നെ പ്‌ളാന്‍ ചെയ്തത്. നഗരത്തെ നടുക്കിയ മോഷണ പരമ്പരയുടെ മുഖ്യ ആസൂത്രകനെന്നു സംശയിക്കുന്ന നൂര്‍ഖാനെ (നസീര്‍ഖാന്‍) പിടികൂടുന്നതിനുവേണ്ടി പോലീസ് നീക്കം ശക്തമാക്കി. മോഷ്ടാക്കളില്‍ ചിലരെ നവംബര്‍ മുതല്‍ ഒപ്പം കൂട്ടിയ നൂര്‍ഖാന്‍ കവര്‍ച്ച നടപ്പാക്കുന്നതിന് ആറു മാസം മുമ്പ് തന്നെ കമ്പനിപ്പടിയിലെ തന്റെ ആക്രിക്കട വില്‍ക്കുകയും ഭാര്യയെയും മക്കളെയും മാറ്റുകയും ചെയ്തു. നൂര്‍ഖാന്‍ ഇന്ത്യ വിട്ടിട്ടില്ലെന്നും ഡല്‍ഹിയിലോ ബംഗാളിലോ ഉണ്ടാകാമെന്നുമാണ് പോലീസ് പറയുന്നത്. നൂര്‍ഖാന്‍ ബംഗാളില്‍ തന്നെയുണ്ടെന്ന സൂചന ലക്ഷ്യമാക്കി പോലീസ് സംലം അവിടെ തങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

തൃപ്പൂണിത്തുറ എരൂരിലെയും കൊച്ചി പുല്ലേപ്പടി റോഡിലെയും വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘങ്ങള്‍ക്കൊപ്പം നൂര്‍ഖാനുമുണ്ടായിരുന്നു. കവര്‍ച്ചാ സംഘത്തില്‍പ്പെട്ട ആരിഫ്, അക്രംഖാന്‍, ഇബ്രാഹിം എന്നിവര്‍ നവംബര്‍ മുതല്‍ ഇയാള്‍ക്കൊപ്പം പുതുവൈപ്പിലെ വീട്ടിലുണ്ടായിരുന്നു. ആരിഫിന്റെ പടം പരിസരവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നൂര്‍ഖാനും കുടുംബവും അഞ്ചു മാസം മുന്‍പാണു വാടകവീട്ടില്‍ താമസിക്കാന്‍ എത്തിയതെന്നാണു സമീപവാസികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അതിനു മുന്‍പ് കമ്പനിപ്പടിയിലെ ആക്രിക്കടയോടു ചേര്‍ന്നായിരുന്നു താമസം. ഇയാളുടെ തൊഴിലാളിയായ സോനയ്ക്ക് ആറു മാസം മുമ്പ് രണ്ടു ലക്ഷം രൂപയ്ക്കു കടവിറ്റിരുന്നു. കവര്‍ച്ച നടത്തി കേരളം വിടാന്‍ നേരത്തേ തന്നെ നൂര്‍ഖാന്‍ ആസൂത്രണം ചെയ്തിരുന്നതായി പോലീസിന് ഇതോടെ വ്യക്തമായി.

അതേസമയം, വൈറ്റിലയില്‍ കച്ചവടം നടത്തിയിരുന്ന നൂര്‍ഖാന്റെ സഹോദന്‍ മുനീര്‍ഖാനെ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കു മോഷണവുമായി യാതൊരു ബന്ധവുമില്ലെന്നു തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി. ഷംസ് പറഞ്ഞു. നൂര്‍ഖാനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണു മുനീര്‍ഖാനെ കസ്റ്റഡിയിലെടുത്തത്. നൂര്‍ഖാനും സംഘവും കൊച്ചി വിട്ടശേഷം മുനീര്‍ഖാനെ കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ തിരിച്ചിലിനൊടുവില്‍ പിടിയിലായ ഇയാളുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ല.

ഇതിനിടെ പുതുവൈപ്പിലെ കമ്പനിപ്പടിയില്‍ നൂര്‍ഖാന്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇയാള്‍ ഇന്ത്യ വിട്ടുപോയിട്ടില്ലെന്നും ഡല്‍ഹിയിലേക്കോ ബംഗാളിലേക്കോ രക്ഷപ്പെട്ടിരിക്കാമെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ബംഗാളില്‍ അന്വേഷണത്തിനു പോയ പോലീസ് സംഘത്തില്‍ ഹില്‍പാലസ് സി.ഐ: പി.എസ്. ഷിജു മാത്രമേ അവിടെനിന്നു നാട്ടിലേയ്ക്ക് തിരിച്ചിട്ടുള്ളൂ. നൂര്‍ഖാന്‍ ബംഗാളിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ തങ്ങുന്നതെന്നാണു സൂചന.

മോഷണശേഷം ബംഗാളിലേക്കു പോയ സംഘാംഗങ്ങള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയും ഇവര്‍ പുലര്‍ത്തുന്നുണ്ട്. ഇവരെ തിരിച്ചെത്തിക്കാനായി സര്‍ക്കാര്‍ തലത്തിലുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, കേസില്‍ അറസ്റ്റിലായിട്ടുള്ള ബംഗ്ലാദേശ് സ്വദേശികളായ അര്‍ഷദ്, റോണി. ബീഹാര്‍ സ്വദേശി ഷെഹ്ഷാദ് എന്നിവരുമായി പള്ളുരുത്തി സി.ഐ: കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ അഞ്ചരയോടെ ട്രെയിന്‍ മാര്‍ഗം യാത്ര തിരിച്ച സംഘം നാളെ രാവിലെ കൊച്ചിയിലെത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW