Tuesday, January 23, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 10 Jan 2018 03.43 PM

സ്‌കൂളില്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തി.. സന്തുഷ്ടമായ കുടുംബജീവിതത്തിനിടെ അവള്‍ കടന്നുവന്നത് കല്ലുകടിയായി... ഹേമന്ത് അപര്‍ണ്ണയെ ഒഴിവാക്കാന്‍ ശ്രമിച്ചത് എന്തിനായിരുന്നു? ഉത്തരം കിട്ടാത്ത ഒരു ചോദ്യം

''ബന്ധം പിരിയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹേമന്ത് വക്കീല്‍ നോട്ടീസ് അയച്ചു. അത് എനിക്കൊരു ഷോക്കായിരുന്നു.''
uploads/news/2018/01/182323/Weeklyfamilycourt100118a.jpg

ഭര്‍ത്താവ് അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരിക്കല്‍ അപര്‍ണ്ണ എന്ന പെണ്‍കുട്ടി എന്നെ കാണാന്‍ വന്നു. ബന്ധം പിരിയാനുണ്ടായ സാഹചര്യം എന്താണെന്ന് പോലുമറിയാതെ അവള്‍ അവളുടെ ജീവിതാനുഭവം പറഞ്ഞു.

''ഞാനും ഹേമന്തും ഒരേ സ്‌കൂളിലാണ് പഠിച്ചത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ സൗഹൃദം പ്രണയമായി മാറി. ഡിഗ്രിയ്ക്ക് ഒരേ കോളേജില്‍ ചേര്‍ന്നു. കോഴ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഹേമന്തിന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചു.

ഞാന്‍ തുടര്‍ന്ന് പി ജി ചെയ്തു. കോളേജില്‍ വച്ച് പിരിഞ്ഞെങ്കിലും ഞങ്ങളുടെ പ്രണയത്തിന് യാതൊരു മങ്ങലും സംഭവിച്ചില്ല. ആരുമറിയാതെ ഫോണിലൂടെ ബന്ധം തുടര്‍ന്നു. ഇതിനിടെ എനിക്ക് വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങി. അധികം വൈകാതെ ഞങ്ങളുടെ പ്രണയം വീട്ടില്‍ തുറന്നു പറഞ്ഞു.

എന്റെ മാതാപിക്കാള്‍ ആ ബന്ധത്തിന് എതിരായിരുന്നു. ഒരേ ജാതിയാണെങ്കില്‍ പോലും കുടുംബപരമായും സാമ്പത്തികമായും ഞങ്ങള്‍ തമ്മില്‍ ഒരുപാട് അന്തരമുണ്ടായിരുന്നു. അദ്ദേഹത്തിന്റേത് ഒരു സാധാരണ കുടുംബമായിരുന്നു.

എങ്കിലും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. എട്ട് വര്‍ഷം നീണ്ട പ്രണയത്തിനുശേഷം ഇരുവീട്ടുകാരുടെയും അനുവാദത്തോടെ ഞങ്ങള്‍ വിവാഹം കഴിച്ചു.

ഹേമന്തിനോടൊപ്പം ആ ചെറിയ വീട്ടില്‍ സന്തോഷത്തോടെ പുതിയയൊരു ജീവിതം ആരംഭിച്ചു. അച്ഛനും അമ്മയും രണ്ട് സഹോദരന്മാരുമാണ് അദ്ദേഹത്തിനുളളത്. മൂത്ത സഹോദരന്‍ വിവാഹം കഴിഞ്ഞ് മാറി താമസിക്കുന്നു. രണ്ടാമത്തെയാളാണ് ഹേമന്ത് വിവാഹത്തിനുശേഷം എനിക്ക് എന്റെ വീടിന് അടുത്തുളള ബാങ്കില്‍ ജോലി ലഭിച്ചു.

അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് മണിക്കൂറുകള്‍ യാത്ര ചെയ്യണം. ഓഫീസില്‍ പോയി വരാനുളള സൗകര്യത്തിന് എന്റെ വീട്ടില്‍ പോയി നിന്നോളാന്‍ ഹേമന്ത് പറഞ്ഞെങ്കിലും ഒരു ദിവസം പോലും അദ്ദേഹത്തെ പിരിഞ്ഞിരിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഞാന്‍ പോയില്ല.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഹേമ ന്തിന്റെ അനുജന്‍ വിവാഹം കഴിച്ചു. ഞങ്ങള്‍ എല്ലാവരും ഒരു വീട്ടില്‍ തന്നെയായിരുന്നു താമസം. ആ പെണ്‍കുട്ടി വന്നതില്‍ പിന്നെ വീട്ടില്‍ വഴക്കായി. നിസ്സാര കാര്യത്തിന് പോലും എന്തെങ്കിലുമൊക്കെ പറഞ്ഞ് വഴക്കിടും.

ഓഫീസിലെ ടെന്‍ഷനും വീട്ടിലെ വഴക്കും കൂടിയായപ്പോള്‍ എനിക്ക് തലവേദനയായി. അത് മനസ്സിലാക്കിയ ഹേമന്ത് തന്നെയാണ് വീട്ടില്‍ പോയി നിന്നോളാന്‍ വീണ്ടും നിര്‍ബന്ധിച്ചത്. പക്ഷേ ഞാനതിന് തയ്യാറായിരുന്നില്ല. എന്ത് പ്രശ്‌നമുണ്ടായാലും അദ്ദേഹത്തോടൊപ്പം കഴിയുന്നതായിരുന്നു എനിക്കിഷ്ടം.

വീട്ടുകാരുടെ എതിര്‍പ്പു പോലും കാര്യമാക്കാതെ ഹേമന്ത് തന്നെയാണ് എന്റെ സാധനങ്ങള്‍ എടുത്ത് എന്നെ വീട്ടില്‍ കൊണ്ടുചെന്ന് ആക്കിയത്. അവിടെ നിന്ന് ഓഫീസില്‍ പോയി വരാനും അധികം ദൂരം ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ ആഴ്ചയിലൊരിക്കല്‍ എന്നെക്കാണാന്‍ ഹേമന്ത് വരുമായിരുന്നു.

പിന്നീട് വരവ് വല്ലപ്പോഴും ആക്കി. പിന്നെപ്പിന്നെ ഞാന്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാതെയായി. ജോലിയുടെ തിരക്ക് കാരണം എടുക്കാന്‍ പറ്റാത്തതാണെന്ന് ഞാന്‍ കരുതി. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു എന്ന് മനസ്സിലായത്.

ബന്ധം പിരിയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹേമന്ത് വക്കീല്‍ നോട്ടീസ് അയച്ചു. അത് എനിക്കൊരു ഷോക്കായിരുന്നു. എന്തിന് വേണ്ടിയാണ് അദ്ദേഹം ഡിവോഴ്‌സ് നോട്ടീസ് അയച്ചത്? എന്ത് തെറ്റാണ് ഞാന്‍ ഹേമന്തിനോട് ചെയ്തത്? പലവട്ടം ഞാന്‍ എന്നോട് തന്നെ ചോദിച്ചു.

അതിനുശേഷം പല തവണ ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഹേമന്ത് ഫോണ്‍ എടുത്തില്ല. പിന്നീട് ഒരു സുഹൃത്ത് വഴി ഞാനറിഞ്ഞു. കൂടെ വര്‍ക്ക് ചെയ്യുന്ന പെണ്‍കുട്ടിയുമായി ഹേമന്ത് പ്രണയത്തിലാണെന്ന്. അവര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ വേണ്ടി എന്നെ ഒഴിവാക്കിയതാണ്.

പരസ്പരം സ്‌നേഹിച്ച് വിവാഹം കഴിച്ച എന്നെയോ എന്റെ സ്‌നേഹത്തെയോ മനസ്സിലാക്കാന്‍ ഇത്രയും നാളായിട്ട് ഹേമന്തിന് കഴിഞ്ഞിട്ടില്ല. ഇനി ബന്ധം പിരിഞ്ഞാലും മറ്റൊരാള്‍ എന്റെ ജീവിതത്തിലുണ്ടാവില്ല. അത്രമാത്രം ഞാനദ്ദേഹത്തെ സ്‌നേഹിച്ചു.

ഹേമന്തിന് എന്നെ വേണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഞാന്‍.., ബന്ധം പിരിയാന്‍ എനിക്കും എതിര്‍പ്പില്ലെന്ന് മറുപടി കൊടുക്കണം സാര്‍.'' എന്ന് അപര്‍ണ്ണ പറഞ്ഞു. എടുത്തുചാടി ഒരു തീരുമാനം എടുക്കാതെ രണ്ടുപേരും കൂടി ഒന്നിച്ചൊരു തീരുമാനത്തില്‍ എത്താന്‍ ഞാന്‍ പറഞ്ഞയച്ചു.

ഒരു പക്ഷേ എന്റെ ഉപദേശം ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിച്ച് അവര്‍ തമ്മില്‍ ഒന്നിച്ചോയെന്നും അറിയില്ല. പിന്നീട് എന്നെ കാണാന്‍ അപര്‍ണ്ണ വന്നിട്ടില്ല

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 10 Jan 2018 03.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW