Monday, January 22, 2018 Last Updated 29 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 02.23 AM

വിലക്കയറ്റത്തിന്റെ കാലത്ത്‌ പച്ചക്കറി കുഴിച്ചുമൂടുന്നവര്‍

uploads/news/2018/01/180812/editorial.jpg

പച്ചക്കറിയുടെ കാര്യത്തില്‍ തമിഴ്‌നാടിനെയും കര്‍ണാടാകയെയുമാണ്‌ വര്‍ഷങ്ങളായി കേരളം ആശ്രയിച്ചു വരുന്നത്‌. അന്യസംസ്‌ഥാനങ്ങളില്‍ പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനികള്‍ തളിക്കുന്നതിനാല്‍ കേരളീയരുടെ ആരോഗ്യം ക്ഷയിക്കുന്നതും പച്ചക്കറിയില്‍ സ്വയം പര്യാപ്‌തത നേടുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ ഇടയാക്കി. തുടര്‍ന്നാണ്‌ കഴിയുന്നത്ര പച്ചക്കറി കേരളത്തില്‍ ഉത്‌പാദിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിത്തുടങ്ങിയത്‌. അതിനു ഫലവും കണ്ടു കേരളത്തില്‍ പച്ചക്കറിക്കൃഷി മെല്ലെ വ്യാപിച്ചു. കര്‍ഷകരും കര്‍ഷക സംഘങ്ങളും ഉത്‌പാദിപ്പിക്കുന്നതു കൂടാതെ വീടുകളിലും പച്ചക്കറിക്കൃഷി സജീവമായി.

കേരളത്തില്‍ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ 1989-ല്‍ കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്‌ ഹോര്‍ട്ടികോര്‍പ്പ്‌. പച്ചക്കറി കര്‍ഷകര്‍ക്കും ഉപയോക്‌താക്കള്‍ക്കും ഗുണമുണ്ടാക്കുക എന്നതാണ്‌ ഈ ഏജന്‍സിയുടെ പ്രവര്‍ത്തന ലക്ഷ്യം. കേരളത്തിലുടനീളം പച്ചക്കറി ശേഖരണം, സംസ്‌കരണം, സംഭരണം, വിതരണം എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വം ഹോര്‍ട്ടിക്കോര്‍പ്പിനാണ്‌. കര്‍ഷകര്‍ക്ക്‌ മികച്ച വരുമാനമുണ്ടാക്കുക, ഉപഭോക്‌താക്കള്‍ക്ക്‌ ഗുണമേന്മയുള്ള പച്ചക്കറി കുറഞ്ഞ ചെലവില്‍ കിട്ടുക എന്നിവയാണ്‌ ഈ ഏജന്‍സിയുടെ പ്രവര്‍ത്തനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

എന്നാല്‍, കര്‍ഷകരില്‍ നിന്ന്‌ സംഭരിക്കുന്ന പച്ചക്കറി വിപണിയിലെത്തിക്കാന്‍ കഴിയാതെ കുഴിച്ചുമൂടേണ്ട അവസ്‌ഥയിലാണെന്ന്‌ ഇന്നലെ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തു. പച്ചക്കറിക്ക്‌ വിലയേറി നില്‍ക്കെ വില്‍ക്കാനാവാതെ പച്ചക്കറി വെറുതേ കളയേണ്ടിവരുന്നു എന്നത്‌ ഞെട്ടിപ്പിക്കുന്ന വിവരമാണ്‌. സ്വന്തമായി ആവശ്യത്തിനു വില്‍പനശാലകള്‍ ഇല്ലാത്തതിനാലാണ്‌ ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നാണ്‌ ഹോര്‍ട്ടിക്കോര്‍പ്പിന്റെ വിശദീകരണം. ഇരുന്നൂറില്‍ താഴെ വില്‍പനശാലകള്‍ മാത്രമാണ്‌ ഹോര്‍ട്ടിക്കോര്‍പ്പിനുള്ളത്‌. എന്നാല്‍, 600 വില്‍പനശാലയെങ്കിലും ഉണ്ടായാലേ സംഭരിക്കുന്ന പച്ചക്കറി വിറ്റഴിക്കാന്‍ സാധിക്കൂ എന്ന്‌ ഹോര്‍ട്ടിക്കോര്‍പ്പ്‌ അധികൃതരും പറയുന്നു. സ്വന്തമായി വില്‍പനശാല ഇല്ലാത്ത സ്‌ഥലങ്ങളില്‍ ഫ്രാഞ്ചൈസികള്‍ വഴി വില്‍പന നടത്തുന്നത്‌ ലാഭകരമല്ലെന്ന്‌ ഹോര്‍ട്ടികോര്‍പ്‌ പറയുന്നു. ഇതിനാലാണ്‌ സ്വന്തം വില്‍പനശാല വേണമെന്ന്‌ അവര്‍ ആവശ്യപ്പെടുന്നത്‌. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ നല്‍കിയിട്ടുമില്ല. അടുത്തമാസം അവതരിപ്പിക്കുന്ന ബജറ്റില്‍ കൂടുതല്‍ തുക കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ ഇരിക്കുന്നു.

ആവശ്യത്തിനു സംഭരണ സൗകര്യമില്ലാത്തതും പ്രതിസന്ധിയാണ്‌. കേരളത്തില്‍ ഉത്‌പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറിയും സംഭരിക്കണമെന്നാണ്‌ സര്‍ക്കാര്‍ നയം. എന്നാല്‍, അതിന്‌ ഉത്തരവാദിത്വമുള്ള ഹോര്‍ട്ടികോര്‍പ്പിനാകട്ടെ 28 വര്‍ഷമായിട്ടും ആവശ്യത്തിന്‌ വില്‍പനശാലകളോ സംഭരണശാലകളോ ഉണ്ടാക്കാതിരുന്നതിന്‌ ഉത്തരവാദികള്‍ ഇതുവരെയുള്ള സര്‍ക്കാരുകളും കൃഷി വകുപ്പിനെ നയിച്ചവരും ഹോര്‍ട്ടിക്കോര്‍പ്പിന്റെ മേധാവികളുമാണ്‌. ഈ പിടിപ്പുകേടിന്റെ പരിണിത ഫലമാണ്‌ ജനങ്ങളുടെ അടുക്കളയില്‍ എത്തേണ്ട പച്ചക്കറി കുഴിച്ചുമൂടേണ്ടി വരുന്നത്‌.

ടണ്‍ കണക്കിനു പച്ചക്കറി ഓരോ മാസവും നശിച്ചു പോകുന്നുവെന്നാണ്‌ ഏകദേശ കണക്ക്‌. ഏതു സാഹചര്യത്തിലായാലും അംഗീകരിക്കാന്‍ പറ്റാത്ത അവസ്‌ഥയാണിത്‌. പച്ചക്കറി ഏതെങ്കിലും തരത്തില്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കണമായിരുന്നു. കൃഷി വകുപ്പിന്റെ തന്നെ ഏജന്‍സിയായ വി.എഫ്‌.പി.സി.കെയ്‌ക്ക്‌ വില്‍പന സൗകര്യമുണ്ട്‌. അതടക്കം കഴിയുന്ന എല്ലാ സൗകര്യങ്ങളും കണ്ടെത്തി വില്‍പ്പനയ്‌ക്ക്‌ മുന്‍കൈയെടുക്കേണ്ടിയിരുന്നു. പച്ചക്കറി ജനങ്ങളിലേക്കെത്താന്‍ വേണ്ട എല്ലാ നടപടികളും സര്‍ക്കാരെടുക്കണം. സംഭരണത്തിനും വില്‍പനയ്‌ക്കും ആവശ്യമായ സൗകര്യം ഹോര്‍ട്ടികോര്‍പ്പിനു കിട്ടുന്നുവെന്ന്‌ ഉറപ്പാക്കണം. അതു കിട്ടുന്നതുവരെ പച്ചക്കറി നശിച്ചു പോകുന്നില്ലെന്ന്‌ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഹോര്‍ട്ടികോര്‍പ്പിന്റേതും കൃഷിവകുപ്പിന്റേതുമാണ്‌.

Ads by Google
Friday 05 Jan 2018 02.23 AM
YOU MAY BE INTERESTED
TRENDING NOW