Friday, January 19, 2018 Last Updated 49 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 18 Nov 2017 03.18 PM

കുട്ടികള്‍ വായിക്കട്ടെ, ലോകത്തെയറിയാന്‍...

''വായനാശീലം കുട്ടികള്‍ക്കും ആവശ്യമാണ്. വായന, പഠിക്കാനുള്ള താല്പര്യവും കുട്ടികളില്‍ സൃഷ്ടിക്കും. കുട്ടികളിലെ വായനാശീലം കൂട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍. ''
uploads/news/2017/11/166645/parenting181117a.jpg

ഈ ടോട്ടോച്ചാന്റെ കുസൃതിത്തരങ്ങള്‍ വായിക്കാന്‍ എന്തു രസാ അമ്മേ... എത്ര വായിച്ചാലും മതിയാവില്ല. ടോട്ടോച്ചാന്‍ മാത്രമല്ല, പഞ്ചതന്ത്രകഥകളും വായിക്കാന്‍ എന്തു രസാന്ന് അറിയ്യോ. എനിക്ക് വായിക്കാന്‍ ഇനീം പുസ്തകം വേണം.

അടുത്ത വീട്ടിലെ മാളുച്ചേച്ചി നാളെ ലൈബ്രറിയില്‍ പോകുന്നുണ്ട്. ഞാനും ചേച്ചിക്കൊപ്പം പോകും. അവിടെ നല്ല കഥാപുസ്തകങ്ങള്‍ ഉണ്ടെന്ന് ചേച്ചി പറഞ്ഞല്ലോ.. അരവിന്ദ് അമ്മയോട് പറഞ്ഞു.

പഠനത്തോടൊപ്പം വായനയ്ക്കും നിത്യജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. മുതിര്‍ന്നവരെപ്പോലെ കുട്ടികളും വായന ശീലമാക്കണം. വായനയിലൂടെ നേടുന്ന അറിവുകള്‍ അവരുടെ പഠനത്തിനും പാഠ്യേതര പ്രവര്‍ത്തികള്‍ക്കും ഏറെ ഗുണം ചെയ്യും.

എങ്ങനെ തുടങ്ങാം ?


പഠനത്തോടൊപ്പം സംഗീതം, നൃത്തം, ചിത്രരചന തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സജീവമാണ് പുതുതലമുറ. എ ന്നാല്‍ വായനയ്ക്ക് അത്രത്തോളം പ്രാധാന്യം കുട്ടികള്‍ നല്‍കുന്നുണ്ടോ? ഇക്കാ ലത്ത് മുതിര്‍ന്നവരേക്കാള്‍ തിരക്കേറിയ ജീവിതമാണ് കുട്ടികളുടേത്.

കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് മാതാപിതാക്കളാണ്. ടിവി കാണുന്ന കുട്ടിയേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം വര്‍ദ്ധിക്കുന്നതെന്നാണ് വിദഗ്ധപഠനങ്ങള്‍ തെളിയിക്കുന്നത്.

അച്ഛനമ്മമാര്‍ പുസ്തകങ്ങള്‍ വായിക്കുന്നതും പത്രം വായിക്കുന്നതുമെല്ലാം ചെറുപ്രായം മുതല്‍ കുട്ടികള്‍ കാണണം. അവരത് ശ്രദ്ധിക്കുന്നുവെങ്കില്‍ ശബ്ദമുയര്‍ത്തി വായിക്കണം. കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത് നല്ലതാണ്.

ചെറുപുസ്തകങ്ങളിലൂടെതുടക്കം


വായനയോട് താല്പര്യമുള്ള കുട്ടികള്‍ക്ക് കുറച്ച് മാത്രം വാക്കുകളുള്ള വലിയ അക്ഷരങ്ങളുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കാം. ഒപ്പം അവര്‍ ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വളരെ നല്ലത്.

വിനോദയാത്രയ്‌ക്കോ, മറ്റോ പോകുമ്പോള്‍ യാത്രയിലുടനീളം കാണുന്ന പരസ്യബോര്‍ഡുകളിലെ വാക്കുകളും അക്ഷരങ്ങളും അവരോട് വായിക്കാന്‍ ആവശ്യപ്പെടാം. വായിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാം.

uploads/news/2017/11/166645/parenting181117a1.jpg

ചിലപ്പോള്‍ നീണ്ട പരിശ്രമത്തിനൊടുവിലാവും അവര്‍ ഒരു വാക്കോ, വാചകമോ വായിച്ചു തീര്‍ക്കുക. എങ്കിലും അവരെ പ്രോത്സാഹിപ്പിക്കുക. പ്രോത്സാഹനം ലഭിക്കുമ്പോള്‍ വായിക്കാനുള്ള കുട്ടിയുടെ താല്പര്യം വര്‍ദ്ധിക്കും.

ചെറിയൊരു ഹോംവര്‍ക്ക്


അക്ഷരം കൂട്ടിവായിക്കുമ്പോള്‍തന്നെ വീട്ടില്‍ വച്ച് കുട്ടികളുമായി ചില അക്ഷരക്കളികളിലേര്‍പ്പെടാം. ചുമരില്‍ത്തൂക്കിയിട്ടുള്ള ഒരു ആര്‍ട്ട് കലണ്ടര്‍ അതല്ലെങ്കില്‍ ഉമ്മറത്തെ മേശമേല്‍ കിടക്കുന്ന ദിനപ്പത്രം. അതുമല്ലെങ്കില്‍ അടുക്കളയിലെ കാപ്പിപ്പൊടി കവര്‍.

അങ്ങനെ അക്ഷരമെഴുത്തുള്ള ഏതൊരു വസ്തുവില്‍ നിന്നും കുട്ടിക്ക് കണ്ടെത്താന്‍ സാധിക്കുന്നൊരു വാക്ക് പറയുകയും അതെവിടെയെന്ന് ചോദിക്കുകയുമാവാം. ഇതിലൂടെ അനവധി അറിവുകള്‍ കുട്ടികള്‍ക്ക് ലഭിക്കും.

ഓരോ വാക്കും കണ്ടെത്തിപ്പറയുമ്പോള്‍ ചെറുതെങ്കിലും ഒരു സമ്മാനം നല്‍കി അവരെ പ്രോത്സാഹിപ്പിക്കാന്‍ മറക്കേണ്ട, കേട്ടോ.

രക്ഷിതാക്കള്‍ അറിയേണ്ടത്


1. കുട്ടികള്‍ക്ക് അക്ഷരങ്ങളേക്കാള്‍ പ്രിയം ചിത്രങ്ങളാണ്. ചിത്രങ്ങളിലൂടെ അവര്‍ ആദ്യാക്ഷരങ്ങള്‍ പഠിക്കണം.
2. കുട്ടികള്‍ക്കൊപ്പമിരുന്ന് കഥകള്‍ വായിച്ച് കൊടുക്കണം. സ്വയം പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടിയെ പ്രാപ്തനാക്കണം.
3. വായനയ്ക്ക് ശേഷം അതെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്. ഗുണപാഠകഥകളാണ് കൂടുതല്‍ അനുയോജ്യം.
4. കുട്ടികളുടെ ഇഷ്ടവിഷയങ്ങള്‍ ചോദിച്ചറിയുക. അതിനനുസരിച്ചുള്ള പുസ്തകങ്ങള്‍ നല്‍കുക. അവര്‍ക്ക് താല്പര്യം തോന്നാത്ത വിഷയങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കരുത്.
5. പിറന്നാള്‍ സമ്മാനമായോ മറ്റോ പുസ്തകങ്ങള്‍ നല്‍കാം.

കഥകളോട് കൂട്ടുകൂടാം...


കുട്ടികളുടെ വായനാശീലം വളര്‍ത്തിയെടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കുട്ടികള്‍ക്കുള്ള കഥാപുസ്തകങ്ങള്‍ അവരെ വായിച്ചുകേള്‍പ്പിക്കുകയെന്നതാണ്. ഗുണപാഠകഥകളാണ് ഏറ്റവും ഉചിതം.

ഇത് വായനാശീലം വളര്‍ത്തിയെടുക്കുക മാത്രമല്ല, കുട്ടിയെ ഭാവിയില്‍ മികച്ചൊരു വ്യക്തിത്വത്തിനുടമയാകാനും സഹായിക്കും.

വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കില്‍ വളയും എന്നു പറഞ്ഞ കുഞ്ഞുണ്ണി മാഷിനേയും കുട്ടികളുടെ സ്വന്തം ചാച്ചാജിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനേയും സ്മരിച്ചുകൊണ്ട് ഈ ശിശുദിനം ആഘോഷമാക്കൂ.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
TRENDING NOW