Friday, January 19, 2018 Last Updated 47 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 06 Oct 2017 04.01 PM

കുട്ടികള്‍ ടെലിവിഷന് അടിമകളാകുമ്പോള്‍

കുട്ടികള്‍ ടെലിവിഷന് അടിമകളാകുമ്പോള്‍ അവര്‍ ഭാവിയില്‍ അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍ അനവധിയാണ്. പരിധിയില്‍ക്കൂടുതല്‍ ടിവി കാണുന്ന കുട്ടികളെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളാണ്.
uploads/news/2017/10/152964/parenting061017a.jpg

സച്ചൂ, നിനക്ക് പഠിക്കാനൊന്നുമില്ലേ? എപ്പോള്‍ നോക്കിയാലും ടിവിയിലേക്ക് കണ്ണുംനട്ടിരിക്കും. പോയിരുന്ന് പഠിക്കെടാ.. അമ്മ ദേഷ്യത്തോടെ സച്ചുവിനോട് പറഞ്ഞു.

ഞാന്‍ പഠിക്കാം അമ്മേ. ഇപ്പോള്‍ സ്‌കൂളില്‍ നിന്നും വന്നതല്ലേയുള്ളൂ. 15 മിനിറ്റു കൂടി ടിവി കണ്ടോട്ടേ...പ്ലീസ്. സച്ചു കെഞ്ചി.

ഏറെസമയം ടിവി കണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന പുതുതലമുറയാണ് ഇന്ന ത്തേത്. സിനിമകളും പരസ്യങ്ങളും മറ്റ് പരിപാടികളും കുട്ടികളെ അത്രത്തോളം സ്വാധീനിച്ചു കഴിഞ്ഞു.

വിശ്രമവേളകളില്‍ ടിവി ആശ്വാസമാണെങ്കിലും ഗുണത്തേക്കാളേറെ ദോഷമാണ് ടിവി കാഴ്ചയിലൂടെ ഉണ്ടാകുന്നത്. ടിവി കാഴ്ച പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നല്ല, അല്പം നിയന്ത്രണമാണ് വേണ്ടത്. ഇതിന് മാതാപിതാക്കളാണ് കുട്ടികളെ പ്രാപ്തരാക്കേണ്ടത്.

ടെലിവിഷന്റെ സ്വാധീനം


ടിവി കാണാന്‍ അമിതമായി താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളാണധികവും. കാര്‍ട്ടൂണുകളും സിനിമാഗാനങ്ങളും അവരെ ടിവിക്ക് അടിമകളാക്കി മാറ്റിക്കഴിഞ്ഞു. ടിവിയിലൂടെ കാണുന്ന മറ്റ് ദൃശ്യങ്ങളെ അപേക്ഷിച്ച് ആക്രമണദൃശ്യങ്ങളാണ് കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത്.

കുട്ടികള്‍ ടിവി കാണുന്നത് ഇത്ര വലിയ തെറ്റാണോ എന്ന് ചിന്തിക്കുന്നവരുണ്ടാകും. ടെലിവിഷന്‍ സ്ഥിരമായി കാണുന്ന ഒരു കുട്ടി അവന്റെ/ അവളുടെ പ്രാഥമിക വിദ്യാഭ്യാസകാലഘട്ടം കഴിയുമ്പോഴേക്കും കൊലപാതകം ഉള്‍പ്പെടെ ഒരു ലക്ഷത്തോളം ആക്രമണങ്ങള്‍ക്ക് ടിവിയിലൂടെ സാക്ഷ്യം വഹിക്കുന്നുണ്ടെന്നാണ് പൊതുവേയുള്ള കണക്ക്.

ബോധവല്‍ക്കരണം


ടെലിവിഷന്‍ ദൃശ്യങ്ങളും യഥാര്‍ത്ഥജീവിതവും തമ്മിലുള്ള വ്യത്യാസം ചെറുപ്രായം മുതല്‍ രക്ഷിതാക്കളാണ് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്. ഇത് കുട്ടികളിലെ തെറ്റായ ചിന്തകളെ ഇല്ലാതാക്കാന്‍ ഉപകരിക്കും.

പ്രൈമറിതലം വരെയുള്ള കുട്ടികളെ കഴിവതും ഇത്തരം ദ്യശ്യങ്ങളുള്ള പരിപാടികള്‍ കാണാനിടയാകുന്നത് തടയണം. ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതാണെന്നും അത് യഥാര്‍ത്ഥ ജീവിതത്തില്‍ അനുകരിക്കുന്നത് തെറ്റാണെന്നും അവരെ പഠിപ്പിക്കണം.

അല്പം കൂടി മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഇത്തരം പരിപാടികളെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതും അവരുടെ തെറ്റിദ്ധാരണകള്‍ രക്ഷിതാക്കള്‍ തന്നെ തിരുത്തുന്നതുമാണ് ഏറ്റവും നല്ലത്. കൗമാരപ്രായക്കാരോട് ടെലിവിഷന്‍ പ്രോഗ്രാമുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിക്കണം.

പരിപാടികളെക്കുറിച്ച് തെറ്റായ ധാരണകള്‍ അവരിലുണ്ടെങ്കില്‍ അത് മാറ്റിയെടുക്കണം. ഇത് കുട്ടികളിലെ ടെലിവിഷന്‍ പ്രോഗ്രാമുകളുടേയും മറ്റു മാധ്യമങ്ങളുടേയും ഉള്ളടക്കങ്ങളെ വിലയിരുത്തുവാന്‍ കഴിവുള്ളവരാക്കി മാറ്റും. ഭാവിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളില്‍ സ്വാധീനം ചെലുത്തില്ല.

മാതാപിതാക്കള്‍ അറിയാന്‍


കുട്ടികള്‍ ടെലിവിഷന്‍ കാണുന്നതിനെ പൂര്‍ണ്ണമായി നിയന്ത്രിക്കാനാവില്ല. എന്നാ ല്‍ അച്ഛനമ്മമാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഒരു നിബന്ധന വയ്ക്കാം. ടിവി കാണുവാന്‍ ഒരു നിശ്ചിത സമയം കണ്ടെത്താം.

സ്‌കൂളില്‍ പോകും മുമ്പോ ഭക്ഷണം കഴിക്കുമ്പോഴോ ടിവി കാണരുതെന്ന് കുട്ടികളെ പഠിപ്പിക്കാം. ടിവി കണ്ടു ഭക്ഷണം കഴിക്കുന്നവര്‍ അറിയാതെ അമിതമായി ഭക്ഷിക്കുകയും അത് അമിതവണ്ണത്തിനും മറ്റസുഖങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

കുട്ടികളുടെ മുറിയില്‍ ടിവി വയ്ക്കുന്ന മാതാപിതാക്കളുണ്ട്. ഈ പ്രവണത ശരിയല്ല. എല്ലാവരും ഒരുമിച്ച് കൂടുന്ന ഹാളില്‍ ടിവി വയ്ക്കുന്നതാണ് ഉചിതം. ടിവി കാണുമ്പോള്‍ കഴിവതും കുട്ടികള്‍ക്കൊപ്പമിരുന്ന് ടിവി കാണാന്‍ ശ്രമിക്കണം. കുട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ശേഷം ടിവി കാണുന്ന മാതാപിതാക്കളുണ്ട്. ഈ പ്രവണതയും ശരിയല്ല.

അവധിദിനങ്ങളിലാണ് കൂടുതലും കുട്ടികള്‍ ടിവിയെ ആശ്രയിക്കുന്നത്. എന്നാല്‍ അവധിദിവസങ്ങളില്‍ കുട്ടികളുടെ ഇഷ്ടപ്രകാരം ഔട്ടിംഗിന് പോവുകയോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യാം.

ഒഴിവു സമയം കുട്ടികള്‍ക്കൊപ്പം കളിക്കുകയും അവര്‍ക്ക് ഉപകാരപ്രദമായ കഥകള്‍ പറഞ്ഞ് നല്‍കുകയും ചെയ്യാം. കു ട്ടികളുടെ പ്രത്യേക അഭിരുചികള്‍ക്ക് പി ന്തുണ നല്‍കി അതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നതും ടിവിയുടെ കൈപ്പിടിയില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കും.

ടിവി മാത്രമല്ല പ്രശ്നക്കാരന്‍. മൊബൈലും വില്ലനാണ്. ചെറിയ പ്രായം മുതല്‍ മൊബൈലും ടാബ്ലറ്റും കളിപ്പാട്ടമാക്കുന്ന കുട്ടികളില്‍ ഓട്ടിസം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ പക്ഷം.

അച്ഛനോ അമ്മയോ കൂടെയുള്ളപ്പോള്‍ മാത്രം ടിവിയോ മൊബൈലോ ഉപയോഗിക്കാനുള്ള അവസരം കുഞ്ഞിന് നല്കുന്ന ശീലം ചെറുപ്പം മുതലേ വളര്‍ത്താം.

അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടത്


1. ഏത് പരിപാടി കാണണമെന്ന് തെരഞ്ഞെടുക്കാന്‍ കുട്ടിയെ പഠിപ്പിക്കാം.
2. ഹോംവര്‍ക്ക് ചെയ്യാതെ ടിവി കാണരുതെന്ന് നിര്‍ബന്ധിക്കാം.
3. പഠനമുറി, ഊണ്‍മുറി എന്നിവിടങ്ങളില്‍ ടിവി വേണ്ട.
4. രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് ടിവി കാണാന്‍ അനുവദിക്കരുത്.
5. ടിവി കണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ സ്വാദ് അറിയുകയോ, കഴിക്കുന്ന ഭക്ഷണം എന്തെന്ന് പോലും ശ്രദ്ധിക്കുകയില്ല.
6. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ വളരെ കുറച്ച് സമയം മാത്രം ടിവി കാണിക്കുക.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
TRENDING NOW