Tuesday, September 26, 2017 Last Updated 50 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 08.37 AM

അന്ന് കുത്തേറ്റ് വെളിയില്‍ചാടിയ കുടല്‍മാല തിരുകിവെച്ച് ഉടുമുണ്ടിന് കെട്ടി ആശുപത്രിയിലെത്തി ; ഇന്ന് വാഹനമിടിച്ച് കണ്ടെത്തിയത് 15 കിലോമീറ്റര്‍ അകലെ

uploads/news/2017/09/145926/accident.jpg

കലവൂര്‍: അജ്ഞാത വാഹനമിടിച്ച് മരിച്ചയാളുടെ മൃതദേഹം കിലോമീറ്ററിനപ്പുറം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു മരിച്ചയാളുടെ മകന്‍ പോലീസില്‍ മൊഴി നല്‍കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കലവൂര്‍ ഹനുമാരു വെളിയില്‍ വാസുദേവന്റെ മകന്‍ സുനിലി (49) ന്റെ മൃതദേഹമാണു ദേശീയ പാതക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം ഇന്നലെ പുലര്‍ച്ചെ കാണപ്പെട്ടത്. 12 വര്‍ഷം മുമ്പ് ഭാഗ്യം തിരിച്ചുനല്‍കിയ സുനിലിന്റെ ജീവന്‍ നടുറോഡില്‍ പൊലിഞ്ഞത് അതിദാരുണമായിട്ടായിരുന്നു.

മാരാരിക്കുളംതെക്ക് പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ കലവൂര്‍ ഹനുമാര്‌വെളിയില്‍ വാസുദേവന്റെ മകന്‍ സുനില്‍കുമാറിനെ ഇന്നലെ അമ്പലപ്പുഴ തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്കു സമീപം വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് 15 കി.മീറ്റര്‍ അകലെയാണ് മൃതദേഹം കാണപ്പെട്ടത്. വാഹനം തിരിച്ചറിയാനായിട്ടില്ല. 12 വര്‍ഷം മുമ്പ് കത്തിക്കുത്തില്‍ സുനിലിന്റെ കുടല്‍മാല വെളിയില്‍ച്ചാടിയിരുന്നു. െധെര്യം സംഭരിച്ച് ഉടുമുണ്ട് വയറില്‍ കെട്ടിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

ഡോക്ടര്‍മാര്‍ക്കുപോലും ജീവന്‍ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. ഒടുവില്‍ ഭാഗ്യംകൊണ്ട് ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. ഇലക്ട്രിക്കല്‍, പ്ലമ്പിങ് ജോലികളില്‍ വിദഗ്ധനായിരുന്നു. ചെറുപ്പകാലത്ത് പനംതേങ്ങയില്‍ ബോംബ് നിര്‍മിച്ച് അക്രമികള്‍ക്കുനേരെ പ്രയോഗിച്ചതിനാല്‍ ബോംബ് സുനില്‍ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കിലോമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഇടിച്ച വാഹനത്തിലോ അപകട ശേഷം പിന്നാലെ വന്ന വാഹനത്തിലോ മൃതദേഹം കുരിങ്ങിയതാവാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

പുലര്‍ച്ചെ 2.30 ഓടെ തോട്ടപ്പള്ളി മാത്തേരി ജങ്ഷന് വടക്ക് ഉരിയരി ഉണ്ണിത്തോര്‍ ക്ഷേത്രത്തിനു സമീപം അജ്ഞാത വാഹനം സുനിലിനെ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികര്‍ അപകടവിവരം സമീപത്തെ ചായക്കടക്കാരന്‍ കബീറിനെ അറിയിച്ചു. ഇയാളാണ് വിവരം അമ്പലപ്പുഴ പോലീസിനു െകെമാറിയത്. 2.40 നു സ്ഥലത്തെത്തിയ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും അപകടത്തില്‍പെട്ടയാളെയോ വാഹനമോ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് തോട്ടപ്പള്ളി സ്പില്‍വേ വരെ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഇതിനു ശേഷം അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഇടിച്ച വാഹനത്തിന്റെ ഹെഡ് െലെറ്റ് ഉള്‍പ്പെടെയുള്ള ഭാഗവും ചില്ലുകളും കണ്ടെത്തി. കുറച്ചകലെ റോഡില്‍ രക്തക്കറയും അപകടത്തില്‍ പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകളും വസ്ത്രങ്ങളും ചെരിപ്പും കണ്ടു കിട്ടി. അപകടവിവരം അമ്പലപ്പുഴ പോലീസ് മറ്റു സ്‌റ്റേഷനുകളിലേക്ക് െകെമാറി. ഇതിനിടെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാതയ്ക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം നഗ്‌നമായ മൃതദേഹം കിടക്കുന്നു എന്ന വിവരം അമ്പലപ്പുഴ പോലീസിന് വിവരം കിട്ടി. പുന്നപ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയായതിനാല്‍ ഇവിടുത്തെ പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് തിരിച്ചറിയല്‍ രേഖയിലുള്ള ആളാണ് മരിച്ചതെന്നു വ്യക്തമായത്. മൃതദേഹത്തിന്റെ വലതു കക്ഷത്തില്‍ ആഴത്തില്‍ മുറിവും വലതുകാല്‍ മുട്ടിനു തഴെ ഉരഞ്ഞ് അസ്ഥികള്‍ തെളിഞ്ഞ നിലയിലുമായിരുന്നു. ഇടതുകാലിന്റെ ഉപ്പുറ്റിയുടെ ഭാഗത്തു ഈ തരത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു.

തലയുടെ പിന്‍ഭാഗത്തും മുറിവുകളുണ്ടായിരുന്നു. കൊല്ലത്തുനിന്നെത്തിയ സയന്റിഫിക്ക് വിദഗ്ധര്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. അപകടം നടന്ന സ്ഥലത്തും മൃതദേഹം കിടന്ന സ്ഥലത്തും ശാസ്ത്രീയ പരിശോധന നടത്തി. ഡിെവെ.എസ്.പി: എം.ഇ. ഷാജഹാന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ സി.ഐ: ബിജു വി.നായര്‍, ആലപ്പുഴ സൗത്ത്, നോര്‍ത്ത്, തീരദേശ സി.ഐമാര്‍, എസ്.ഐമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW