Saturday, January 20, 2018 Last Updated 50 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.04 AM

അദര്‍ ഡ്യൂട്ടി നിര്‍ത്താന്‍ കാലമായി

uploads/news/2017/09/145835/editorial.jpg

അധികാരത്തിന്റെ ഒപ്പം തന്നെയുള്ള ഏര്‍പ്പാടാണ്‌ അകമ്പടി. കൊടിവച്ച കാറും അകമ്പടി പോലീസ്‌ വാഹനവും ആരെയും ഭ്രമിപ്പിക്കാതിരിക്കില്ല. അതിന്റെ ഗമ ഒരിക്കലെങ്കിലും നുണഞ്ഞിട്ടുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും.

കേരളമൊഴികെയുള്ള പല സംസ്‌ഥാനങ്ങളിലും ഭരണാധികാരികള്‍ തങ്ങളുടെ അധികാരത്തിന്റെ ശക്‌തികാണിക്കുന്ന പ്രധാനമാര്‍ഗങ്ങളിലൊന്നും പോലീസിന്റെ അകമ്പടിയും പൈലറ്റ്‌ വാഹനങ്ങളുടെ ആധിക്യവുമൊക്കെയാണ്‌. ത്രിപുരയില്‍ മണിക്‌ സര്‍ക്കാര്‍, പശ്‌ചിമ ബംഗാളില്‍ മമതാ ബാനര്‍ജി, ഡല്‍ഹിയില്‍ അരവിന്ദ്‌ കെജ്‌രിവാള്‍ എന്നിങ്ങനെ ചുരുക്കം ചില മുഖ്യമന്ത്രിമാര്‍ മാത്രമേ ഈ ആകര്‍ഷണ വലയത്തില്‍ പെടാത്തതുള്ളു. തൊട്ടയല്‍ സംസ്‌ഥാനമായ തമിഴ്‌നാട്ടിലാകട്ടെ ജയലളിത മുഖ്യമന്ത്രിയായിരിക്കെ അവരുടെ വാഹനവ്യൂഹത്തിലെ പൈലറ്റ്‌, എസ്‌കോര്‍ട്ട്‌ വാഹനങ്ങളുടെ എണ്ണം പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും വാഹനവ്യൂഹത്തെ കടത്തിവെട്ടുന്നതായിരുന്നു. ജീവന്‌ പലമേഖലകളില്‍ നിന്ന്‌ ഭീഷണിയുണ്ടെന്ന്‌ പറഞ്ഞായിരുന്നു ഈ ആര്‍ഭാടം. അവര്‍ക്ക്‌ ശേഷം വന്ന മുഖ്യമന്ത്രിമാരും ഇതില്‍ കുറവൊന്നും വരുത്തിയിട്ടില്ലെന്ന്‌ കാണാന്‍ കഴിയും.

കേരളത്തില്‍ മുഖ്യമന്ത്രിമാരുടെ കാര്യമെടുത്താല്‍, പോലീസ്‌ അകമ്പടി ഏറെ ഉപയോഗിച്ചിരുന്നത്‌ കെ. കരുണാകരനായിരുന്നു. മറ്റു മുഖ്യമന്ത്രിമാര്‍ വളരെ കുറവ്‌ പൈലറ്റ്‌, എസ്‌കോര്‍ട്ട്‌ വാഹനങ്ങളുമായാണ്‌ സഞ്ചരിച്ചിരുന്നത്‌. താരതമ്യേന ശാന്തസ്വഭാവം പുലര്‍ത്തുന്ന കേരളത്തില്‍ അതിനപ്പുറം പോകേണ്ടതില്ല എന്നത്‌ യാഥാര്‍ഥ്യമാണ്‌. പക്ഷേ, മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ വാഹനത്തിനു നേരേ കല്ലേറുണ്ടായതും അദ്ദേഹത്തിനു പരുക്കേറ്റതും നാലുവര്‍ഷം മുന്‍പ്‌ മാത്രമായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായായിരുന്നു ഒരു മുഖ്യമന്ത്രിക്കെതിരേ അത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നത്‌. പലപ്പോഴും മന്ത്രിമാര്‍ സുരക്ഷ വേണ്ടെന്നു പറയുമെങ്കിലും അതിന്‌ എതിരായ സാഹചര്യങ്ങള്‍ ഉണ്ടാകും എന്നതിന്റെ സൂചനയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരായ ആക്രമണം.
എന്നാല്‍, പോലീസിന്റെ സുരക്ഷ വേണ്ടാത്ത ധാരാളം പേര്‍ കേരളത്തില്‍ അത്‌ അനുഭവിക്കുന്നുണ്ട്‌. മുന്‍പ്‌ മന്ത്രിയായിരുന്നു എന്ന പേരില്‍ തുടര്‍ന്നും സുരക്ഷയുമായി നടക്കുന്നവര്‍ ധാരാളമാണ്‌. ആരില്‍ നിന്നും ഒരു ഭീഷണിയും നേരിടാത്തവര്‍ പോലും പോലീസിന്റെ അകമ്പടിയില്‍ അഭിമാനം കൊള്ളുന്നു. ഇതുസംബന്ധിച്ച്‌ വിശദമായ വാര്‍ത്ത ഇന്നലെ മംഗളം പ്രസിദ്ധീകരിച്ചിരുന്നു. 45,000 അംഗങ്ങളുള്ള പോലീസ്‌ സേനയില്‍ 5,000 പേരും ഇങ്ങനെ മറ്റു ഡ്യൂട്ടികളില്‍ പെട്ടു കിടക്കുകയാണ്‌. ക്രമസമാധാനപാലനത്തിന്‌ ആവശ്യത്തിന്‌ ആളില്ലെന്ന അവസ്‌ഥയുള്ളപ്പോഴാണ്‌ അദര്‍ഡ്യൂട്ടിക്ക്‌ ഇത്രയധികം പേരെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നത്‌ അത്ഭുതാവഹമാണ്‌. സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധവച്ച്‌ നടപടിയെടുക്കേണ്ട കാര്യമാണിത്‌.

അകമ്പടിക്ക്‌ മാത്രമല്ല, നേതാക്കന്മാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും സ്വകാര്യമായ ആവശ്യങ്ങള്‍ക്കും ഇങ്ങനെ പോലീസിനെ ഉപയോഗിക്കുന്നു. ഇത്‌ ഇത്രകാലമായിട്ടും നിര്‍ത്താനാവുന്നില്ലെന്നത്‌ സാമാന്യബുദ്ധിക്ക്‌ നിരക്കുന്നതല്ല. ഭരണാധികാരി എന്നനിലയില്‍, അല്ലെങ്കില്‍ യഥാര്‍ഥത്തില്‍ ജീവനു ഭീഷണി ഉണ്ട്‌ എന്നതിന്റെ പേരില്‍ വ്യക്‌തികള്‍ക്ക്‌ സംരക്ഷണം നല്‍കാം. അല്ലാതെ, പ്രൗഢികാണിക്കാന്‍ വേണ്ടിയും പഴയ ഭരണകാലത്തിന്റെ ഓര്‍മ പുതുക്കാനും പോലീസുകാരെ വിട്ടുകൊടുക്കുന്നത്‌ സര്‍ക്കാര്‍ അവസാനിപ്പിക്കണം.

ഉന്നത ഉദ്യോഗസ്‌ഥരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും പ്രീതി പിടിച്ചുപറ്റി അവരുടെ വീട്ടുകാര്യങ്ങള്‍ നോക്കി ക്കഴിയുന്നതു വഴി യഥാര്‍ഥ ജോലി ചെയ്യാതെ രക്ഷപ്പെട്ടു നടക്കാന്‍ ആഗ്രഹിക്കുന്ന പോലീസുകാരുമുണ്ട്‌. അവര്‍ പലരും ഇത്തരം സുരക്ഷിത ലാവണങ്ങള്‍ കണ്ടെത്തി അവിടെ ഒതുങ്ങിക്കൂടുകയാണ്‌. സേനയിലേക്ക്‌ മടങ്ങിയെത്തി ജോലി ചെയ്‌തേ ഒക്കൂ എന്ന്‌ സര്‍ക്കാര്‍ ഇച്‌ഛാശക്‌തിയോടെ ഉത്തരവിട്ടാല്‍ പോലീസ്‌ സേനയ്‌ക്ക്‌ അധികച്ചെലവില്ലാതെ അല്‍പം കൂടി ആള്‍ബലം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

Ads by Google
Thursday 14 Sep 2017 02.04 AM
YOU MAY BE INTERESTED
TRENDING NOW