Wednesday, February 21, 2018 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.04 AM

'സ്‌പെഷല്‍' അല്ല, ഈ കുട്ടികളും സോഷ്യലാണ്‌

uploads/news/2017/09/145834/bft1.jpg

ഓഗസ്‌റ്റ്‌ 15, വര്‍ണാഭമായ സ്വാതന്ത്ര്യദിനഘോഷയാത്ര പൊന്‍കുന്നം പട്ടണത്തില്‍ അവസാനിച്ചപ്പോള്‍ ആശാനിലയത്തിലെ ബാന്‍ഡ്‌സെറ്റിന്റെ അകമ്പടിയോടെ ഹസ്‌്തദാനവുമായി ഒരു കുട്ടി അടുത്തെത്തി. എവിടെക്കണ്ടാലും ഓടിയെത്തുന്ന എബിന്‍ പുന്നൂസ്‌. എന്റെ മണ്ഡലത്തില്‍പെട്ട പൊന്‍കുന്നത്തെ ആശാനിലയം സ്‌പെഷല്‍ സ്‌കൂളിലെ എബിന്‍ എനിക്കു മാത്രമല്ല അവിടെ കടന്നുചെല്ലുന്നവര്‍ക്കെല്ലാം പ്രിയങ്കരനാണ്‌. പല കാരണത്താല്‍ അതിബുദ്ധിമാന്‍മാരായ പലരും അകലം പാലിക്കുമ്പോളും എബിന്‍ എന്ന കൊച്ചുമിടുക്കനും പാത്തു എന്ന മിടുക്കിയുമൊക്കെ കാണിക്കുന്ന അടുപ്പം മനസില്‍ തിമിരം ബാധിക്കാതെ അവിടെ കടന്നുചെല്ലുന്നവര്‍ക്കു മാത്രമേ തിരിച്ചറിയാന്‍ കഴിയൂ...എബിന്‍മാരും പാത്തുമാരും നമുക്കിടയില്‍ നിശബ്‌ദരായി ജീവിക്കുന്നതു സമൂഹം തിരിച്ചറിയുന്നുവോ എന്നതു മറ്റൊരു ചോദ്യം. ജീവിതത്തിന്റെ തിരക്കിനിടയില്‍ ഇവരുടെ ഒറ്റപ്പെട്ട ശബ്‌ദങ്ങള്‍ നാം മറന്നുപോകുന്നു. പ്രശസ്‌ത എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും 'സ്‌റ്റോപ്‌ പിക്കിങ്‌ മീ' എന്ന കൃതിയുടെ രചയിതാവുമായ പാറ്റ്‌ തോമസിന്റെ മറ്റൊരു കൃതിയുടെ പേരാണ്‌ ഈ കുട്ടികളെ കാണുമ്പോള്‍ മനസില്‍ വരുന്നത്‌-'ഡോണ്ട്‌ കോള്‍ മീ സ്‌പെഷല്‍'.
ഭിന്നശേഷിയുള്ളവരെ സംബന്ധിച്ച നിയമപ്രകാരം, മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആശാനിലയം പോലെയുള്ള 275 സ്‌പെഷല്‍ സ്‌കൂളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍ അവഗണിച്ചപ്പോഴും ഭിന്നശേഷിയുള്ള ഈ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌ഥാപനങ്ങള്‍ നിസ്വാര്‍ത്ഥസേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹനീയമാതൃകകളാണ്‌. ഇവയില്‍ 274 എണ്ണവും സന്നദ്ധസംഘടനകളോ ക്രിസ്‌ത്യന്‍ സഭകളോ നടത്തുന്നവയാണ്‌. 17,000-ല്‍ ഏറെ കുട്ടികളും മൂവായിരത്തോളം അധ്യാപകരും രണ്ടായിരത്തോളം അനധ്യാപകരുമുള്ള ഈ മേഖലയ്‌ക്കു കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ നല്‍കുന്നതു നാമമാത്രസഹായമാണ്‌.
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ യോഗ്യത നേടിയ അധ്യാപകര്‍ക്കു നല്‍കുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും. പ്രീഡിഗ്രിയും ഡിപ്ലോമയുമുള്ളവര്‍ക്കു 3800 രൂപയും ബിരുദവും ഡിപ്ലോമയുമുള്ളവര്‍ക്ക്‌ 5800 രൂപയും! തൊഴിലുറപ്പു പദ്ധതിക്കുപോലും ഇതില്‍ കൂടുതല്‍ തുക ലഭിക്കുന്ന സംസ്‌ഥാനത്ത്‌, പരസഹായമില്ലാതെ മലമൂത്രവിസര്‍ജനം നടത്താന്‍ സാധിക്കാത്തവരെ ഉള്‍പ്പെടെ പരിചരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു നല്‍കുന്ന പ്രതിഫലത്തെ വിശേഷിപ്പിക്കുന്നതാകട്ടെ മനോഹരമായ ഓണറേറിയം എന്ന ആംഗലപദമുപയോഗിച്ചും! വേതനമാണെങ്കിലല്ലേ ഇടയ്‌ക്കിടെ പരിഷ്‌കരിക്കേണ്ടിവരൂ...നാം എത്ര ദീര്‍ഘവീക്ഷണമുള്ളവര്‍!
ഇതേ വിദ്യാഭ്യാസയോഗ്യതയുള്ള സ്‌പെഷല്‍ എജ്യൂക്കേറ്റര്‍മാര്‍ക്കും വിദ്യാഭ്യാസവകുപ്പിനു കീഴില്‍ എസ്‌.എസ്‌.എ. പദ്ധതികള്‍ മുഖേന ജോലിചെയ്യുന്നവര്‍ക്കും 13,000 മുതല്‍ 15,000 രൂപവരെയും ഐ.ഇ.ഡി.എസ്‌.എസ്‌. മുഖേനയാണെങ്കില്‍ 29,000 വരെയും വേതനം നല്‍കുന്നു. അതൊന്നും നല്‍കരുതെന്നല്ല. സംസ്‌ഥാനത്തെ ഏറ്റവും മുതിര്‍ന്ന തസ്‌തികയിലെ ഉദ്യോഗസ്‌ഥനു മാസവരുമാനം 2.5 ലക്ഷത്തോളവും സ്‌ഥിരം സര്‍വീസിലെ ഏറ്റവും താഴ്‌ന്ന തസ്‌തികയായ ഓഫീസ്‌ അറ്റന്‍ഡര്‍ക്കു 16,500 രൂപയും ലഭിക്കുമ്പോഴാണു പാവം സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കു യുക്‌തിക്കു നിരക്കാത്ത ഈ വേതനനിരക്ക്‌ എന്നു ചൂണ്ടിക്കാട്ടിയെന്നു മാത്രം. ഇന്‍ക്രിമെന്റ്‌, പെന്‍ഷന്‍, മറ്റ്‌ ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ ഈവിഭാഗം ജോലി ചെയ്യുമ്പോള്‍ തുല്യജോലിക്കു തുല്യവേതനം എന്നതു കേവലമുദ്രാവാക്യം മാത്രം. കോരനും കുമ്പിളുമൊന്നും പഴഞ്ചൊല്ലല്ല.
പരാശ്രയം കൂടാതെ സ്വന്തം കാര്യങ്ങള്‍ ചെയ്‌തു സമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണു മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കു നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വ്യക്‌തിസ്വയംപര്യാപ്‌തത, സാമൂഹികതുല്യത, സാമ്പത്തികസ്വാതന്ത്ര്യം എന്നിവ കൈവരിക്കാന്‍ അവരെ പ്രാപ്‌തരാക്കുക. അതിനൊപ്പം എഴുത്തും വായനയും പ്രായോഗികജീവിതത്തിനാവശ്യമായ രീതിയില്‍ അഭ്യസിപ്പിക്കുകയെന്നതും ഇതിന്റെ ലക്ഷ്യങ്ങളാണ്‌. സാധാരണ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്നു ഭിന്നമായ പരിശീലനരീതി ഈ വിദ്യാഭ്യാസസമ്പ്രദായം ലക്ഷ്യമിടുന്നു. അതുകൊണ്ട്‌ ഇവരുടെ പരിശീലനങ്ങള്‍ വിദ്യാഭ്യാസം അല്ലാതാകുന്നില്ലല്ലോ?
1995-ലെ ഭിന്നശേഷി നിയമപ്രകാരം 18 വയസുവരെ സൗജന്യവിദ്യാഭ്യാസവും അതിനു മുകളില്‍ തൊഴില്‍പരിശീലനവും നിര്‍ബന്ധമായും വ്യവസ്‌ഥ ചെയ്യുന്നു. അതിനുശേഷം 2016-ല്‍ ഭിന്നശേഷിക്കാരുടെ അവകാശനിയമവും വന്നു. നിയമങ്ങള്‍ക്കു കുറവൊന്നുമില്ല. നടപ്പാക്കുന്നതിലാണു പ്രശ്‌നം. ഇതൊരു അവകാശമാണെന്നു ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളും നിര്‍ഭാഗ്യവശാല്‍ തിരിച്ചറിഞ്ഞിട്ടില്ല.
സര്‍വശിക്ഷാ അഭിയാനിലെ (എസ്‌.എസ്‌.എ) സ്‌പെഷല്‍ എജ്യൂക്കേറ്റര്‍ ജനറല്‍ അവയര്‍നസും ഓറിയന്റേഷനും മാത്രം നല്‍കുമ്പോള്‍ സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ മാനസികവെല്ലുവിളികളിലെ വിവിധ തലങ്ങളായ മോഡറേറ്റ്‌, സിവിയര്‍, പ്രോഫൗണ്ട്‌, മള്‍ട്ടിപ്പിള്‍ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കു ടോയ്‌ലറ്റ്‌ പരിശീലനം മുതല്‍ വൊക്കേഷണല്‍ പരിശീലനം വരെ നല്‍കുന്നു. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിന്റെ 60% മാത്രമേ ശമ്പളത്തിന്‌ ഉപയോഗിക്കാവൂവെന്നു നിഷ്‌കര്‍ഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അനുവദിക്കപ്പെട്ട തുകയുടെ 30% മാത്രമാണു നല്‍കുന്നത്‌. ഇതിനെല്ലാം പുറമേയാണു ബജറ്റില്‍ അനുവദിക്കുന്ന നിര്‍ദേശങ്ങള്‍പോലും നടപ്പാക്കാനാകാതെ വരുന്നത്‌. ഉദാഹരണത്തിന്‌, 2013-14 ലെ ബജറ്റില്‍ പരിശീലനത്തിന്‌ അനുവദിച്ച തുക ചെലവഴിച്ചതേയില്ല. ഇക്കാര്യത്തില്‍ നാം കാട്ടുന്ന അനാസ്‌ഥ എത്രയെന്നു പറയേണ്ടതില്ലല്ലോ. സംസ്‌ഥാനത്തെ 43 ലക്ഷം കുട്ടികള്‍ക്കു സൗജന്യവിദ്യാഭ്യാസത്തിനു തുക അനുവദിക്കുന്നുണ്ട്‌. മാനസികവെല്ലുവിളി നേരിടുന്ന, അധികമായി വരുന്ന വെറും 17,000 കുട്ടികള്‍ക്കു തുക അനുവദിക്കുന്നതിലെ വിമുഖത കാണുമ്പോള്‍ ഓര്‍മവരുന്നത്‌ ഒരു നാട്ടുചൊല്ലാണ്‌: ആനയെ വാങ്ങാം, തോട്ടി വാങ്ങാന്‍ കാശില്ല.
ഭിന്നശേഷിയുള്ളവര്‍ എന്ന വാക്കിലെ ഭാഷയുടെ മാന്യത പ്രയോഗത്തിലും വരുമ്പോഴല്ലേ അത്‌ അര്‍ത്ഥവത്തും ശ്രേഷ്‌ഠവുമാകൂ. 18 വയസ്‌ കഴിഞ്ഞാല്‍ മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കു യാതൊരു സഹായവുമില്ല. അവര്‍ക്കു നിലവിലുള്ള സ്‌ഥാപനങ്ങളില്‍ തുടരാന്‍ അനുവാദമില്ല. എന്തു യുക്‌തിയാണിത്‌? ബുദ്ധിപരമായ ബുദ്ധിമുട്ടുള്ളവര്‍ക്കു 18 വയസെന്ന പരിധി ചാര്‍ത്തിക്കൊടുത്ത വിഡ്‌ഢിയാരാണ്‌? ഇന്നലെ ചെയ്‌തോരബദ്ധം... എന്ന ആശാന്‍ കവിത ഓര്‍ക്കാം. 18 വയസ്‌ കഴിഞ്ഞാലും സ്‌പെഷല്‍ സ്‌കൂളിനോടു ചേര്‍ന്നുതന്നെ തുടര്‍വിദ്യാഭ്യാസവും പരിശീലനവും തൊഴിലധിഷ്‌ഠിത പുനരധിവാസവും ഉറപ്പാക്കണം. അവര്‍ വീടുകളില്‍ തിരിച്ചെത്തിയാല്‍ ആവശ്യമായ സംരക്ഷണം നല്‍കാന്‍ പല രക്ഷിതാക്കള്‍ക്കും കഴിയാറില്ല. ഇവരില്‍ പുറത്തുപോയി തൊഴിലെടുക്കാന്‍ സാധിക്കുന്നവരെ അങ്ങനെയും അല്ലാത്തവരെ സ്‌കൂളിനോടു ചേര്‍ന്നുള്ള ഷെല്‍റ്റേഡ്‌ വര്‍ക്ക്‌ഷോപ്പുകളില്‍ പുനരധിവസിപ്പിക്കുകയുമാണു വേണ്ടത്‌. തൊഴിലെടുക്കാന്‍ കഴിയാത്തവരെ എല്ലാ സംരക്ഷണവും നല്‍കി പുനരധിവസിപ്പിക്കണം. കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ ഗ്രാന്റ്‌ നല്‍കുന്നതിലും തുടര്‍സംരക്ഷണം നല്‍കുന്നതിലും ഒരേ മാനദണ്ഡം കൈക്കൊള്ളുന്ന അവസ്‌ഥയാണിന്ന്‌. തങ്ങളുടെ കാലശേഷം ഇവര്‍ക്കാരാണു തുണ എന്ന്‌ ആശങ്കപ്പെടുന്ന രക്ഷാകര്‍ത്താക്കള്‍, തുച്‌ഛപ്രതിഫലത്തിനു ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകര്‍, മറ്റുള്ളവരുടെ കരുണ യാചിക്കേണ്ടിവരുന്ന സ്‌പെഷല്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍...ഇവരൊക്കെ ഈ കഥയിലെ ദുഃഖകഥാപാത്രങ്ങളാണ്‌.
ബിവറേജസ്‌ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക്‌ 28,500 മുതല്‍ 85,000 വരെ ഓണത്തിനു ബോണസ്‌ നല്‍കിയപ്പോള്‍ സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക്‌ ഒരുരൂപപോലും നല്‍കാന്‍ നമുക്കായില്ല. ലാഭമുണ്ടാക്കുന്നവര്‍ക്കു മാത്രമേ ബോണസിന്‌ അര്‍ഹതയുള്ളൂവെന്ന സാമ്പത്തികതത്വം വിളിച്ചുപറയുമ്പോള്‍ നമുക്കുറപ്പിക്കാം നമ്മുടെ സാമൂഹികനീതിയുടെ അളവുകോലുകള്‍ക്കു ചിതലരിച്ചു തുടങ്ങിയിരിക്കുന്നു.
ഈ കുട്ടികളുടെ ചികിത്സയ്‌ക്കായി ജീവിതകാലം മുഴുവന്‍ വന്‍തുക മുടക്കേണ്ടിവരുന്ന രക്ഷിതാക്കള്‍ നിസ്സഹായരാണ്‌. സര്‍ക്കാര്‍ സംവിധാനത്തില്‍ എന്തുകൊണ്ട്‌ ഇവര്‍ക്കായി ഒരു സമഗ്ര ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കാന്‍ സാധിക്കുന്നില്ല? ഞാന്‍ കൂടി അംഗമായിരുന്ന, സ്‌തീകളുടെയം കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയാണ്‌ ആദ്യമായി സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്‌. ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയായിരുന്നു സമിതിയുടെ അന്നത്തെ അധ്യക്ഷ. പിന്നീട്‌, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്‌ ഇതേ ആവശ്യമുന്നയിച്ചുള്ള നിവേദനം ഭരണ-പ്രതിപക്ഷഭേദമന്യേ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയത്‌. അതിന്റെ അടിസ്‌ഥാനത്തില്‍കൂടിയാണ്‌ സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാന്‍ നിയമസഭയില്‍ പ്രഖ്യാപനമുണ്ടായത്‌. പക്ഷേ ഭരണസിരാകേന്ദ്രത്തിലെത്തിയപ്പോള്‍ എല്ലാം പഴയപടിയായി.
അധ്യാപകരുടെ യോഗ്യത മുതല്‍ സ്‌കൂളുകളുടെ ഭൗതികസാഹചര്യം വരെ വിവിധ ഘട്ടത്തില്‍ ചര്‍ച്ചചെയ്‌തു. രണ്ടുതവണ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ 33 സ്‌കൂളുകളെ തെരഞ്ഞെടുത്ത്‌ 2016 ഡിസംബര്‍ ഒന്‍പതിന്‌ ഉത്തരവിറക്കി. പക്ഷേ ഇന്നും വലിയമാറ്റമൊന്നുമില്ലാതെ ഭരണചക്രം ചലിക്കുന്നു. ഇപ്പോള്‍ പറയുന്നതു പ്രത്യേകനിയമമുണ്ടെങ്കിലേ തുടര്‍നടപടി സാധിക്കൂവെന്നാണ്‌. അന്ധ-ബധിര-മൂക വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കൂളുകള്‍ക്കു പ്രത്യേകനിയമമില്ലാതെതന്നെ എയ്‌ഡഡ്‌ പദവി നല്‍കിയ പൊതുവിദ്യാഭ്യാസവകുപ്പാണ്‌ ഏറ്റവും മുന്‍ഗണന അര്‍ഹിക്കുന്നവരുടെ കാര്യത്തില്‍ വിപരീത നിലപാടു സ്വീകരിച്ചത്‌.
പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം പോലെതന്നെ ഇവയും സംരക്ഷിക്കേണ്ടതല്ലേ? എല്ലാ കുട്ടികളുടെയും സുരക്ഷയില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. അപ്പോള്‍ പരസഹായമില്ലാതെ കാര്യങ്ങള്‍ സാധിക്കാത്ത കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതല്ലേ? എന്തിനും ഏതിനും കോടതികളുടെ പരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്‌ നമ്മുടെ നിര്‍വഹണസംവിധാനത്തിന്റെ പരാജയമല്ലേ? ഏതു നീതിശാസ്‌ത്രവും നിയമവുമാണ്‌ അവസരതുല്യത ഉറപ്പാക്കേണ്ടുന്ന ഈ വിഭാഗത്തെ മാറ്റിനിര്‍ത്തുന്നത്‌? സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ മറന്നുപോകുമ്പോള്‍ അവരുടെ നിശബ്‌ദത നമ്മെ ഓര്‍മപ്പെടുത്തുന്നതു പാറ്റ്‌ തോമസിന്റെ കൃതിയുടെ പുറം ചട്ടയിലെ വാക്കുകള്‍തന്നെയാണ്‌, 'ഡോണ്ട്‌ കോള്‍ മീ സ്‌പെഷല്‍, ഐ ടൂ ആം സോഷ്യല്‍'.

Ads by Google
Thursday 14 Sep 2017 02.04 AM
YOU MAY BE INTERESTED
TRENDING NOW