Saturday, January 20, 2018 Last Updated 49 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.02 AM

സ്വാശ്രയം: കുട്ടികളുടെ കണ്ണീരിന്‌ സര്‍ക്കാരിനു മാപ്പില്ല

നന്നായി പഠിച്ചതാണോ ഞങ്ങള്‍ ചെയ്‌ത കുറ്റം? കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇത്‌ ചോദിച്ചത്‌ ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ഓഡിറ്റോറിയത്തില്‍ വന്ന ഒരു പെണ്‍കുട്ടിയാണ്‌. സാധാരണ കുടുംബത്തിലെ ഒരംഗം. അച്‌ഛന്‍ ഡ്രൈവര്‍. പഠിക്കാന്‍ മിടുക്കിയായതിനാല്‍ നീറ്റില്‍ രണ്ടായിരത്തില്‍ താഴെ റാങ്കു കിട്ടി. അഞ്ചു ലക്ഷം രൂപ ഫീസ്‌ എന്നത്‌ താങ്ങാന്‍ കഴിയുന്നതല്ല. കിടപ്പാടം വിറ്റും കടം വാങ്ങിയും ഒപ്പിക്കാമെന്നു കരുതി വന്നപ്പോഴാണ്‌ ഇടിത്തീ പോലെ ഫീസ്‌ 11 ലക്ഷം രൂപയാക്കി സുപ്രീം കോടതി വിധി വന്നത്‌. നൂറുകണക്കിനു സമര്‍ഥരായ കുട്ടികളാണു തകര്‍ന്നത്‌.
തോരാത്ത കണ്ണീരുമായാണ്‌ അവര്‍ മടങ്ങിയത്‌. ദേശീയതലത്തില്‍ രണ്ടായിരത്തിനടുത്ത്‌ റാങ്ക്‌ വാങ്ങിയ ഈ മിടുമിടുക്കര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ റാങ്ക്‌ ലിസ്‌റ്റില്‍ പിന്നിലുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ കയറിപ്പറ്റി. കഴിഞ്ഞ മാസം 27 ന്‌ സ്വാശ്രയ കോളേജുകളിലെ അലോട്ട്‌മെന്റ്‌ പൂര്‍ത്തിയാവുമ്പോള്‍ ഒഴിവുണ്ടായിരുന്നത്‌ വെറും 86 സീറ്റുകളാണ്‌. അപ്പോള്‍ അഞ്ച്‌ ലക്ഷമാണ്‌ ഫീസ്‌ എന്നായിരുന്നു ധാരണ. മിക്കവാറും കുട്ടികള്‍ ഫീസടച്ച്‌ അഡ്‌മിഷന്‍ നേടുകയും ചെയ്‌തിരുന്നു. അതിനിടയിലാണ്‌ ഫീസ്‌ 11 ലക്ഷമായി നിശ്‌ചയിച്ച്‌ സുപ്രീം കോടതി വിധി വന്നത്‌. അതോടെ 688 സീറ്റുകള്‍ ഒഴിവ്‌ വന്നു. അവയാണു മാരത്തണ്‍ സ്‌പോട്ട്‌ അഡ്‌മിഷനില്‍ നികത്തിയത്‌. സംസ്‌ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ദുരന്തമാണു സംഭവിച്ചത്‌. അതു പക്ഷേ; യാദൃച്‌ഛികമല്ല. തുടക്കം മുതലേ ആശയക്കുഴപ്പമായിരുന്നു. ഒരേ ദിവസം തന്നെ പരസ്‌പര വിരുദ്ധമായ പല ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കി. ഫീസ്‌ ഘടന പല തവണ മാറിമറിഞ്ഞു. മാനേജ്‌മെന്റുകളുടെ താളത്തിനു തുള്ളുന്ന സര്‍ക്കാരിനെയാണ്‌ അപ്പോള്‍ കണ്ടത്‌. മാനേജ്‌മെന്റുകളുടെ കൈയിലെ കളിപ്പാവയാണോ സര്‍ക്കാര്‍ എന്നു ഹൈക്കോടതിക്കു പോലും ചോദിക്കേണ്ടി വന്നു.
അഞ്ചു വര്‍ഷത്തെ യു.ഡി.എഫ്‌. ഭരണത്തില്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സുഗമമായാണു നടന്നത്‌. 25,000 രൂപ ഫീസിലും 1,85,000 രൂപയ്‌ക്കും അതിന്‌ താഴെയുള്ള ഫീസിലും പകുതിയോളം കുട്ടികള്‍ പഠിച്ചിരുന്നു. അതാണ്‌ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചത്‌. കമ്യൂണിസ്‌റ്റ്‌ തത്വങ്ങളാണ്‌ ഉരുവിടുന്നതെങ്കിലും ഫ്യൂഡല്‍ രീതിയിലാണു കാര്യങ്ങള്‍ നടക്കുന്നതെന്ന്‌ പറഞ്ഞത്‌ പ്രതിപക്ഷമല്ല, കോടതിയാണ്‌. കഴിഞ്ഞ വര്‍ഷം കാരണമൊന്നുമില്ലാതെ 65,000 രൂപ ഒറ്റയടിക്ക്‌ ഫീസ്‌ കൂട്ടി മാനേജ്‌മെന്റുകളെ വിസ്‌മയിപ്പിച്ചവരാണ്‌ ഇടതു സര്‍ക്കാര്‍. അന്ന്‌ പ്രതിപക്ഷത്തിന്റെ സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിച്ചെങ്കിലും ആ സമരച്ചൂടില്‍ മാനേജ്‌മെന്റുകള്‍ ഇളകിപ്പോയിരുന്നു. 45,000 രൂപ ഫീസ്‌ കുറയ്‌ക്കാന്‍ അവര്‍ സ്വയം മുന്നോട്ട്‌ വന്നു. അവരെ ആട്ടിപ്പായിക്കുകയാണു സര്‍ക്കാര്‍ ചെയ്‌തത്‌.
ദുരന്തത്തിനു കോടതികളെ കുറ്റം പറഞ്ഞു രക്ഷപ്പെടാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. സുപ്രീം കോടതിയല്ലേ 11 ലക്ഷം രൂപയായി നിശ്‌ചയിച്ചത്‌, ഞങ്ങള്‍ എന്തു ചെയ്യാന്‍ എന്നു ചോദ്യം. സര്‍ക്കാരിന്റെ ബുദ്ധിശൂന്യതയോ, മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുന്നതിലെ അതിബുദ്ധിയോ കാരണമാണു സുപ്രീം കോടതിയില്‍നിന്ന്‌ ഈ വിധി വന്നത്‌. കഴിഞ്ഞ വര്‍ഷം 10 ലക്ഷം രൂപയായിരുന്നില്ലേ ഫീസ്‌, ഇതെങ്ങനെ അഞ്ച്‌ ലക്ഷമായി എന്ന സുപ്രീം കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു വസ്‌തുതകള്‍ നിരത്തി ബോധ്യപ്പെടുത്താനും സര്‍ക്കാരിനായില്ല. കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത രണ്ട്‌ കോളേജുകള്‍ക്ക്‌ കോടതി താല്‍കാലികമായി നിശ്‌ചയിച്ച ഫീസാണ്‌ 10 ലക്ഷം രൂപ. ആ കോളേജുകളിലെ പ്രവേശനം പിന്നീട്‌ റദ്ദാക്കി. കഴിഞ്ഞ വര്‍ഷം 25,000 രൂപയ്‌ക്കും രണ്ടര ലക്ഷം രൂപയ്‌ക്കും പഠിക്കാന്‍ കഴിഞ്ഞ നാലുതട്ട്‌ ഫീസാണു നിലവിലുണ്ടായിരുന്നതെന്നുമുള്ള വസ്‌തുത ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല.
ചെയ്യേണ്ടതു സമയത്തു ചെയ്യാതിരിക്കുക, ചെയ്യുന്നത്‌ അബദ്ധമാകുക - സ്വാശ്രയ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ ശൈലി ഇതായിരുന്നു. ആദ്യം ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചതു മുതല്‍ ഏറ്റവും ഒടുവില്‍ ബാങ്ക്‌ ഗ്യാരണ്ടിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തതു വരെ ഈ അലംഭാവം തെളിഞ്ഞു കാണാം. മൂന്ന്‌ തവണയാണ്‌ ഓര്‍ഡിന്‍സ്‌ പുറപ്പെടുവിച്ചത്‌.
ഓര്‍ഡിനന്‍സ്‌ അനുസരിച്ച്‌ രൂപീകരിച്ച കമ്മിറ്റിയുടെ ഘടന പോലും തെറ്റി. 10 അംഗ കമ്മിറ്റി രൂപീകരിക്കണമെന്നു പറഞ്ഞുണ്ടാക്കിയത്‌ അഞ്ചംഗ കമ്മിറ്റിയെ. അവര്‍ നിശ്‌ചയിച്ച അഞ്ചര ലക്ഷം രൂപയുടെ ഫീസ്‌ പിന്നീട്‌ അഞ്ചാക്കി കുറയ്‌ക്കേണ്ടി വന്നു. അശ്രദ്ധയോടെയും അലംഭാവത്തോടെയും ആരംഭിച്ച പ്രവേശന നടപടികള്‍ അവസാനം വരെ തുടര്‍ന്നു.

രമേശ്‌ ചെന്നിത്തല

(പ്രതിപക്ഷ നേതാവ്‌)

Ads by Google
Thursday 14 Sep 2017 02.02 AM
YOU MAY BE INTERESTED
TRENDING NOW