Sunday, September 24, 2017 Last Updated 16 Min 50 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Wednesday 13 Sep 2017 01.31 PM

രമേശിനെ വെട്ടാന്‍ കെ.മുരളീധരന്‍ ? ഉമ്മന്‍ചാണ്ടി നേതൃത്വത്തിലെത്തിയാല്‍ മുരളിയുടെ തന്ത്രങ്ങള്‍ ലക്ഷ്യം കാണും

കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ക്ക് സാമുദായിക സമവാക്യങ്ങളുമായി അഭേദ്യമായ ബന്ധമുള്ള സാഹചര്യത്തില്‍ ഇന്നത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ കെ. മുരളീധരന് പാര്‍ട്ടിയില്‍ ഇനി ഒന്നും ആയിത്തീരാന്‍ കഴിയില്ല. രമേശ് ചെന്നിത്തല നേതൃസ്ഥാനത്ത് നിലകൊള്ളുന്നിടത്തോളം കാലം മുരളിയുടെ സാദ്ധ്യതകള്‍ക്ക് മങ്ങല്‍ തന്നെയാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയെ രമേശിന് പകരം കൊണ്ടുവരാനുള്ള നീക്കത്തിന് ഐ ഗ്രൂപ്പിന്റെ പ്രതിനിധിയാണെങ്കിലും മുരളി നീക്കം തുടങ്ങിയത്.
Ramesh chennithala, k. Muraleedharan

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള കെ. മുരളീധരന്റെ നീക്കം ആസൂത്രിതം. പ്രതിപക്ഷനേതാവ് സ്ഥാനത്തെക്കുറിച്ച് വിവാദത്തിന് മുരളീധരന്‍ തീകൊളുത്തിയത് ബോധപൂര്‍വ്വം തന്നെയാണ്. ഐ ഗ്രൂപ്പിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും തന്റെ രാഷ്ട്രീയഭാവി ശോഭനമാകണമെങ്കില്‍ ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്നാണ് മുരളീധരന്റെ നിലപാട്. കഴിഞ്ഞകുറേക്കാലമായി അതിനുള്ള കരുക്കള്‍ അദ്ദേഹം നീക്കിതുടങ്ങിയിട്ടുമുണ്ട്.

കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ക്ക് സാമുദായിക സമവാക്യങ്ങളുമായി അഭേദ്യമായ ബന്ധമുള്ള സാഹചര്യത്തില്‍ ഇന്നത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ കെ. മുരളീധരന് പാര്‍ട്ടിയില്‍ ഇനി ഒന്നും ആയിത്തീരാന്‍ കഴിയില്ല. രമേശ് ചെന്നിത്തല നേതൃസ്ഥാനത്ത് നിലകൊള്ളുന്നിടത്തോളം കാലം മുരളിയുടെ സാദ്ധ്യതകള്‍ക്ക് മങ്ങല്‍ തന്നെയാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയെ രമേശിന് പകരം കൊണ്ടുവരാനുള്ള നീക്കത്തിന് ഐ ഗ്രൂപ്പിന്റെ പ്രതിനിധിയാണെങ്കിലും മുരളി നീക്കം തുടങ്ങിയത്.

മുരളിയും രമേശും ഒരേ സമുദായത്തില്‍പ്പെട്ട വ്യക്തികളായതുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ രമേശിന് തന്നെയാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നല്ല ബന്ധമുള്ള രമേശുമായി പോരാടി മുന്നോട്ടുവരുന്നതിനും മുരളീധരന് ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി എത്തുകയാണെങ്കില്‍ മുരളിയുടെ വഴി സുഗമമാകും. ഇപ്പോള്‍ ഐ ഗ്രൂപ്പ് രമേശിന്റെ നേതൃത്വത്തിലാണെങ്കിലും അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടാല്‍ അത് മുരളിയുടെ കൈപ്പിടിയില്‍ ഒതുങ്ങുകയും ചെയ്യും. കെ. കരുണാകരന്റെ മകന്‍ എന്നത് മുരളിയുടെ അത്തരം സാദ്ധ്യതകള്‍ക്ക് കൂടുതല്‍ കരുത്തുപകരുകയും ചെയ്യും. മാത്രമല്ല, ഉമ്മന്‍ചാണ്ടി നേതൃത്വത്തില്‍ വന്ന് ഒരു തുറന്ന ഗ്രൂപ്പ് പോര് വേണ്ടിവരികയാണെങ്കിലും പഴയ സംഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മുരളിക്ക് പാര്‍ട്ടിയില്‍ മുന്‍തൂക്കം ലഭിക്കും. ഇതൊക്കെ മുന്നില്‍കണ്ടാണ് മുരളിയുടെ നീക്കം.

അതോടൊപ്പം തന്റെ തട്ടകമായ മലബാറിലേക്ക് മടങ്ങിപ്പോകാനുളള നീക്കവും മുരളി ശക്തമാക്കിയിട്ടുണ്ട്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ മലബാറിലെ പ്രത്യേകിച്ചും കോഴിക്കോട് അല്ലെങ്കില്‍ വയനാട് ജില്ലകളിലുള്ള ഒരു മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനാണ് മുരളിയുടെ ശ്രമം. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മലബാറില്‍ കരുത്തുറ്റ നേതൃത്വമില്ല. ഇന്നും മലബാറില്‍ അല്‍പ്പമെങ്കിലും സ്വാധീനമുള്ളത് മുരളിക്കാണ്. കരുണാകരന്റെ കാലത്ത് പാര്‍ട്ടി വളരെ ശക്തമായിരുന്ന മലബാറില്‍ ഇന്ന് ആ പാരമ്പര്യം അവകാശപ്പെടാനാകുന്നത് മുരളിക്ക് മാത്രവുമാണ്. അതുകൊണ്ട് അങ്ങോട്ട് നീങ്ങാനാണ് മുരളിയുടെ നീക്കം. കെ. സുധാകരനെപ്പോലുള്ള ചില നേതാക്കളും മലബാറിലുണ്ടെങ്കിലും അവര്‍ക്കൊന്നും എല്ലാ വിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കാന്‍ കഴിയില്ല. സുധാകരന്റെ സ്വാധീനം കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ മാത്രമാണ്. മാത്രമല്ല, പാര്‍ട്ടിയിലെ സ്വന്തം ഗ്രൂപ്പുപോലും അദ്ദേഹത്തിന്റെ അപ്രമാദിത്വം അംഗീകരിക്കാന്‍ തയാറുമല്ല. ഇതൊക്കെയാണ് മുരളിയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

കോണ്‍ഗ്രസ് വിട്ടുപോയി മടങ്ങിയെത്തിയശേഷം നിയമസഭയിലേക്ക് മത്സരിക്കാന്‍ മുരളിക്ക് അവസരം ലഭിച്ചപ്പോള്‍ മലബാറില്‍ നിന്നും തെരഞ്ഞെടുപ്പ് നേരിടാനായിരുന്നു മുരളിയുടെ ശ്രമം. എന്നാല്‍ മലബാറില്‍ നിന്നും മുരളി ജയിച്ചുവന്നാല്‍ അത് തങ്ങളുടെ സാദ്ധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ അന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചു നിന്നുകൊണ്ടാണ് തിരുവനന്തപുരത്ത് മുരളിയെ മത്സരിപ്പിച്ചത്. സിറ്റിംഗ് എം.എല്‍.എയായിരുന്ന കെ. മോഹന്‍കുമാറിനെ മാറ്റിയായിരുന്നു മുരളിക്ക് സീറ്റ് നല്‍കിയതുപോലും. ഇത് മുരളി മലബാറിലേക്ക് പോകാന്‍ പാടില്ലെന്ന ഗൂഢോദ്ദേശത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നു അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മലബാറില്‍ നിന്നും ജയിച്ച് നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ പിന്നെ മുരളിക്ക് തിരിഞ്ഞുനോക്കേണ്ടിവരില്ലായിരുന്നുവെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതൊക്കെ മുന്നില്‍കണ്ടുകൊണ്ടുള്ള ആസൂത്രിതനീക്കമാണ് മുരളി നടത്തുന്നത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW