Sunday, November 19, 2017 Last Updated 20 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 11.21 AM

അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം ഉടനില്ല

uploads/news/2017/09/145608/gulf130917b.jpg

റിയാദ് : സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം ദുഷ്‌കരമാണെന്ന് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് പറഞ്ഞു.

സൗദിയിൽ അക്കൗണ്ടന്റുമാരായി 1,60,000 വിദേശികൾ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ദേശീയ പദ്ധതി ആവശ്യമാണ്. അക്കൗണ്ടൻസി കോഴ്‌സ് പൂർത്തിയാക്കി സൗദി യൂനിവേഴ്‌സിറ്റികളിൽനിന്ന് പുറത്തിറങ്ങുന്നവരുടെ എണ്ണം തൊഴിൽ വിപണിയുടെ ആവശ്യത്തേക്കാൾ ഏറെ കുറവാണ്.

മുപ്പതു ശതമാനം അക്കൗണ്ടിംഗ് ഓഫീസുകളിൽ സൗദിവൽക്കരണം നടപ്പാക്കിയിട്ടുണ്ടെന്ന് ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ. അഹ്മദ് അൽമിഗ്മാസി പറഞ്ഞു. രണ്ടു ശതമാനം അക്കൗണ്ടിംഗ് കമ്പനികൾ മാത്രമാണ് പൂർണ സൗദിവൽക്കരണം നടപ്പാക്കിയത്.

സൗദിയിലെ യൂനിവേഴ്‌സിറ്റികളിൽനിന്ന് പ്രതിവർഷം രണ്ടായിരത്തിൽ കുറവ് വിദ്യാർഥികൾ മാത്രമാണ് അക്കൗണ്ടൻസി കോഴ്‌സ് പഠിച്ച് പുറത്തിറങ്ങുന്നത്. ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് മതിയായ ബിരുദധാരികളെ യൂനിവേഴ്‌സിറ്റികൾ വാർത്തെടുക്കുന്നില്ല. അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം ദുഷ്‌കരമാണ്.

ചില്ലറ വ്യാപാര മേഖലയിൽനിന്ന് വിഭിന്നമായി അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്നതിന് സ്‌പെഷ്യലൈസേഷൻ ആവശ്യമാണ്. ചില്ലറ വ്യാപാര മേഖലയിലെ ജോലിക്ക് സ്‌പെഷ്യലൈസേഷൻ ആവശ്യമില്ല.

വൻകിട അക്കൗണ്ടിംഗ് കമ്പനികളിൽ ഏറെ പരിചയ സമ്പത്തുള്ള വിദേശികൾക്കു പകരം ബിരുദ പഠനം പൂർത്തിയാക്കിയ, മതിയായ പരിചയ സമ്പത്ത് ഇല്ലാത്ത സൗദികളെ നിയമിക്കാനാവില്ല.

ഏതാനും സൗദി യുവതികൾക്ക് ഓർഗനൈസേഷൻ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഓർഗനൈസേഷൻ ഫെലോഷിപ്പ് ലഭിച്ചവരിൽ 30 ശതമാനം പേർ വനിതകളാണ്. പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റിയിൽ മാത്രം 1200 വിദ്യാർഥിനികൾ അക്കൗണ്ടൻസി കോഴ്‌സുകൾ പഠിക്കുന്നുണ്ട്.

അക്കൗണ്ടൻസി കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നവരിൽ യുവാക്കളെ അപേക്ഷിച്ച് യുവതികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. വിദൂര തൊഴിൽ പദ്ധതി പ്രകാരം നിർവഹിക്കുന്നതിന് സാധിക്കുന്ന തൊഴിലാണിത്.

അക്കൗണ്ടൻസി മേഖലയിലെ അഞ്ചു പാഠപുസ്തകങ്ങൾ ഓർഗനൈസേഷൻ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ടൻസി മേഖലയിലെ ഏറ്റവും മികച്ച കൃതികളാണിവ. ഈ വർഷാദ്യം മുതൽ ഇന്റർനാഷണൽ അക്കൗണ്ടിംഗ് സ്റ്റാന്റേർഡുകൾ, ഓർഗനൈസേഷൻ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്.

വ്യാജ അക്കൗണ്ടന്റുമാർക്ക് തടയിടാൻ ശ്രമിച്ച് അംഗീകൃത അക്കൗണ്ടന്റുമാരുടെ പേരുവിവരങ്ങളും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരുവിവരങ്ങളും ഓർഗനൈസേഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് നീക്കമുണ്ടെന്നും ഡോ. അഹ്മദ് അൽമിഗ്മാസി പറഞ്ഞു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Wednesday 13 Sep 2017 11.21 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW