Wednesday, November 22, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.17 AM

കണ്ണന്‍ കാത്തു; കണ്ണൂര്‍ ശാന്തം

uploads/news/2017/09/145572/k3.jpg

കണ്ണൂര്‍: ജന്മാഷ്‌ടമി ദിനത്തില്‍ ശ്രീകൃഷ്‌ണനാണു പ്രാധാന്യമെങ്കിലും കണ്ണൂരില്‍ പോലീസിനായിരുന്നു തിളക്കം. ബാലഗോകുലത്തിന്റെ ശോഭായാത്രകളും സി.പി.എം. ആഭിമുഖ്യത്തിലുള്ള ബാലസംഘത്തിന്റെ ഘോഷയാത്രകളും മുഖാമുഖമെത്തുന്നതു സംഘര്‍ഷത്തിനു കാരണമാകുമെന്ന്‌ ആശങ്കപ്പെട്ടിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. അതേസമയം, ആഘോഷ പരിപാടിയുടെ തുടര്‍ച്ചയായി സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത പോലീസ്‌ തള്ളിക്കളയുന്നില്ല.
ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ജില്ലയില്‍ പോലീസ്‌ അതീവജാഗ്രതയിലായിരുന്നു. സംഘപരിവാറിന്റെ ശ്രീകൃഷ്‌ണജയന്തി ശോഭായാത്രകള്‍ക്കു പുറമേ സി.പി.എമ്മും ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്ന പശ്‌ചാത്തലത്തിലാണ്‌ സംഘര്‍ഷഭീതി നിലനിന്നത്‌. പ്രശ്‌നബാധിതമേഖലകളായി പോലീസ്‌ കണ്ടെത്തിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടന ശബ്‌ദങ്ങള്‍ പോലീസിനെയും ആശങ്കയിലാക്കിയിരുന്നു. പൊതുവേ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളിലാണ്‌ ഉഗ്ര സ്‌ഫോടനങ്ങളുണ്ടായത്‌.
ആര്‍.എസ്‌.എസ്‌. വിപുലമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്‌ണജയന്തി പോലുള്ള ചടങ്ങുകളില്‍ അണികള്‍ ആകൃഷ്‌ടരാകുന്നതായാണു സി.പി.എം. വിലയിരുത്തല്‍. ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ചു ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകളില്‍ കുട്ടികളുടെയും സ്‌ത്രീകളുടെയും വര്‍ധിച്ചുവരുന്ന പങ്കാളിത്തം മുന്നില്‍കണ്ടാണ്‌ ബാലസംഘത്തിന്റെയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളുടെ പേരില്‍ ആഘോഷപരിപാടികളുമായി സി.പി.എം. രംഗത്തെത്തിയത്‌. സി.പി.എമ്മിനും ബി.ജെ.പിക്കും തുല്യശക്‌തിയുള്ള കേന്ദ്രങ്ങളില്‍ വന്‍ പോലീസ്‌ സന്നാഹം നിലയുറപ്പിച്ചിരുന്നു. 3000 പോലീസുകാര്‍ക്കായിരുന്നു സുരക്ഷാ ഡ്യൂട്ടി. സമീപ ജില്ലകളില്‍നിന്നും പോലീസ്‌ സേനയെ കണ്ണൂരിലെത്തിച്ചിരുന്നു.
പലയിടത്തും സംഘര്‍ഷസാധ്യത ഭയന്ന്‌ ഇക്കുറി കാണികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. സ്‌ത്രീകളും പിഞ്ചുകുട്ടികളുമടക്കം അണിനിരക്കുന്നതിനാല്‍ ഘോഷയാത്രകള്‍ പിരിഞ്ഞശേഷം അക്രമത്തിനുള്ള സാധ്യതയാണു പോലീസ്‌ കണക്കുകൂട്ടിയത്‌. അതിനാല്‍ സുരക്ഷാ സംവിധാനം പലകേന്ദ്രങ്ങളിലും തുടരുകയാണ്‌. സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞ ഒരാഴ്‌ചയായി റെയ്‌ഡ്‌ തുടര്‍ന്നു വരികയായിരുന്നു.
"മഹദ്‌ ജന്മങ്ങള്‍ മാനവനന്മയ്‌ക്ക്‌" എന്ന സന്ദേശമുയര്‍ത്തി സി.പി.എം സംഘടിപ്പിക്കുന്ന ഘോഷയാത്രകള്‍ ജില്ലയില്‍ 210 കേന്ദ്രങ്ങളിലും "സുരക്ഷിതബാല്യം സുകൃത ബാല്യം" എന്ന സന്ദേശമുയര്‍ത്തി സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ശോഭായാത്രകള്‍ 300 കേന്ദ്രങ്ങളിലുമാണു നടന്നത്‌. ബാലഗോകുലം ശോഭായാത്രയും പായസവിതരണവും ആധ്യാത്മിക പരിപാടികളും സംഘടിപ്പിച്ചു.

Ads by Google
Wednesday 13 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW