Saturday, November 18, 2017 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.47 AM

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ആശ്വാസകരം

uploads/news/2017/09/145490/editorial.jpg

ഏറെ നാളായി മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന വാര്‍ത്തയാണ്‌ ഇന്നലെ ഒമാനില്‍ നിന്നുണ്ടായത്‌. 18 മാസമായി യെമനില്‍ ഭീകരരുടെ തടങ്കലിലായിരുന്ന മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ മോചിതനായിരിക്കുന്നു. പ്രേഷിത വേലയ്‌ക്കായി സമാധാനം തകര്‍ന്ന ഒരു രാജ്യത്തേക്ക്‌ പോയ വൈദികന്‍ തടങ്കലിലാക്കപ്പെട്ടത്‌ ആഘാതത്തോടെയാണ്‌ കേരളം കേട്ടത്‌. അദ്ദേഹത്തെ മോചിപ്പിക്കാന്‍ ധാരാളം ശ്രമം നടന്നു. എന്നാല്‍, മോചനം വൈകിയത്‌ പ്രതീക്ഷ കെടാന്‍ ഇടയാക്കി. ആശങ്ക വര്‍ധിച്ച സമയത്താണ്‌ അദ്ദേഹത്തിന്റെ മോചനം.
2016 മാര്‍ച്ച്‌ നാലിന്‌ യെമനില്‍ ഏഡനിലെ മിഷണറീസ്‌ ഓഫ്‌ ചാരിറ്റി ഭവനം ആക്രമിച്ചാണ്‌ ഭീകരര്‍ ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്‌. ആരാണ്‌ അദ്ദേഹത്തെ റാഞ്ചിയത്‌ എന്ന്‌ തുടക്കത്തില്‍ ആര്‍ക്കും അറിയാനായില്ല. അദ്ദേഹം മോചിതനാകുമ്പോഴും അക്രമികള്‍ ആരെന്നു വ്യക്‌തമായിട്ടില്ല. ഐ.എസ്‌. ഭീകരരാണ്‌ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതെന്ന്‌ ആരോപണമുണ്ടെങ്കിലും ഇനിയും ഉറപ്പാക്കിയിട്ടില്ല.

അക്രമികള്‍ ആരാണെന്നതിന്‌ വ്യക്‌തതയില്ലാത്തതാണ്‌ അദ്ദേഹത്തിന്റെ മോചനം വൈകാന്‍ കാരണം. ഇതിനു മുമ്പ്‌ ഇറാഖിലും സിറിയയിലും കുടുങ്ങിയ മലയാളി നഴ്‌സുമാരെയും അഫ്‌ഗാനിസ്‌ഥാനില്‍ തീവ്രവാദികളുടെ പിടിയിലായ ഇന്ത്യക്കാരെയുമൊക്കെ ഇന്ത്യ വിജയകരമായി നാട്ടിലെത്തിച്ചിരുന്നു. ഇവരുടെ മോചനത്തിനായി ബന്ധപ്പെടാന്‍ സര്‍ക്കാരോ സംഘടനകളോ ഒക്കെ ഉണ്ടായിരുന്നതുകൊണ്ടാണ്‌ അവരുടെ മോചനം വേഗത്തില്‍ സാധ്യമാക്കിയത്‌. എന്നാല്‍, ഫാ. ടോമിന്റെ കാര്യം അങ്ങനെയായിരുന്നില്ല. അദ്ദേഹത്തെ മോചിപ്പിക്കാന്‍ ആരെ ബന്ധപ്പെടണമെന്ന കാര്യത്തില്‍ സര്‍ക്കാരിന്‌ ഊഹമുണ്ടായിരുന്നില്ല.
അഭ്യന്തര കലഹത്തില്‍ ആകെ കലുഷിതമായ രാജ്യമാണ്‌ യെമന്‍. അവിടെ 2011 മുതല്‍ രാഷ്‌ട്രീയ സ്‌ഥിരതയില്ല. പല സ്‌ഥലങ്ങളിലും പ്രാദേശിക ഭരണകൂടങ്ങളുടെ ഭരണം പോലും നടക്കുന്നു. ഇതു മൂലം നയതന്ത്രപരമായ ഒരു ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനു കഴിയുമായിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ യെമനുമായി നല്ല ബന്ധത്തിലുള്ള സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളെ സര്‍ക്കാര്‍ സമീപീക്കുകയായിരുന്നു ചെയ്‌തിരുന്നത്‌.

ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത്‌ കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫും പിന്നീട്‌ ഭരണത്തില്‍ വന്ന എല്‍.ഡി.എഫും കേന്ദ്ര സര്‍ക്കാരും ഒക്കെ അദ്ദേഹത്തിന്റെ മോചനത്തിനായി ഏറെ ശ്രമിച്ചിരുന്നു. എങ്കിലും മോചനം നീണ്ടു. ഇതിനിടയില്‍ തികച്ചും ക്ഷീണിതനായി കാണപ്പെട്ട ഫാ. ഉഴുന്നാലിലിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തന്നെ രക്ഷിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മനോധൈര്യം ചോരുന്നുവെന്ന്‌ തോന്നിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു അവ.

തുടര്‍ന്ന്‌ ഏറെ നാളായി അദ്ദേഹത്തിന്റെ ഒരു വിവരവും ഇല്ലായിരുന്നു. അദ്ദേഹത്തെ എങ്ങനെ മോചിപ്പിക്കും എന്നതു സംബന്ധിച്ച്‌ ഒരു ഊഹവുമില്ലാതിരുന്ന അവസരത്തിലാണ്‌ ഏവര്‍ക്കും സന്തോഷമേകുന്ന ഈ മോചന വാര്‍ത്ത. ഒമാന്‍ മുന്‍കൈ എടുത്താണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ ആകെയുള്ള വിവരം. ആരൊക്കെയാണ്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌, ഏതു രീതിയിലാണ്‌ മോചനം ഉറപ്പാക്കിയത്‌ തുടങ്ങിയ കാര്യങ്ങളൊന്നും അറിവായിട്ടില്ല.

മോചനം എങ്ങനെയായാലും അതു സാധ്യമായി എന്നതാണ്‌ പ്രധാനം. ഇന്ത്യയിലെ പൊതുരീതി അനുസരിച്ച്‌ ഏതു നേട്ടത്തിനും അവകാശവാദക്കാര്‍ ഏറെയുണ്ടാകും. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു പിന്നിലും അവകാശവാദങ്ങള്‍ ഏറെയുണ്ടാകും. ഒരു സന്നദ്ധ പ്രവര്‍ത്തകനെ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ നിന്ന്‌ മോചിപ്പിക്കാനായി എന്നതിനെ രാഷ്‌ട്രീയമായി ആരും കാണാതിരിക്കുന്നതാവും ഉചിതം.

Ads by Google
Wednesday 13 Sep 2017 01.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW