Tuesday, September 26, 2017 Last Updated 47 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 02.00 AM

ക്രൈസ്‌തവരുടെ രാഷ്‌ട്രീയ പ്രതിനിധാനം

uploads/news/2017/09/144251/bft1.jpg

ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനായിരുന്ന അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയപ്പോള്‍ പല രംഗങ്ങളില്‍നിന്നും ഉയര്‍ന്ന ചോദ്യം ക്രൈസ്‌തവരുടെ രാഷ്‌ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു. തികച്ചും സ്വാഗതാര്‍ഹമായ നടപടിയാണു ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചെയ്‌തത്‌. പക്ഷേ, ഒരു ന്യൂനപക്ഷത്തിന്റെ രാഷ്‌ട്രീയ പ്രാതിനിധ്യത്തെ എങ്ങനെയാണു നാം കാണേണ്ടത്‌? ഇന്ത്യയിലെ ക്രൈസ്‌തവര്‍ക്കു രാഷ്‌ട്രഭരണത്തിലും രാഷ്‌ട്രീയകാര്യാലോചനയിലും പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്‌. അല്‍ഫോന്‍സ്‌ കണ്ണന്താനമോ മറ്റു ചില ക്രൈസ്‌തവരോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഉണ്ടായാല്‍ ക്രൈസ്‌തവരുടെ പ്രതിനിധാനം നടന്നുകഴിഞ്ഞോ?
ക്രൈസ്‌തവരുടെ പ്രതിനിധിയായിട്ടാണോ കണ്ണന്താനം ക്യാബിനറ്റില്‍ ഇരിക്കുന്നത്‌? ഒരു ജനാധിപത്യത്തില്‍ ഒരു മന്ത്രിയോ എം.പിയോ ഏതെങ്കിലും സമുദായത്തിന്റെയോ മതത്തിന്റെയോ പ്രതിനിധിയായിരിക്കുന്ന വ്യവസ്‌ഥിതിയല്ല ഭാരതത്തിന്റേത്‌. അങ്ങനെ ചെയ്യുന്നതു ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കുന്നതുമാകും. അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ ക്രൈസ്‌തവരുടെ പ്രതിനിധിയായി ക്രൈസ്‌തവര്‍ കാണുന്നു എന്നു തോന്നുന്നില്ല. ക്രൈസ്‌തവരില്‍നിന്നുള്ള ഒരു മന്ത്രിയാണ്‌ അദ്ദേഹം. കോണ്‍ഗ്രസോ മറ്റു പാര്‍ട്ടികളോ ഭരിച്ചപ്പോള്‍ ബി.ജെ.പി. നിരന്തരമായി നടത്തിയ വിമര്‍ശനം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു എന്നതായിരുന്നു. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ മന്ത്രിപദം ഒരു ന്യൂനപക്ഷപ്രീണന നടപടിയുമല്ല. ക്രൈസ്‌തവരുടെ പ്രതിനിധിയായി ക്രൈസ്‌തവന്‍ വേണമെന്ന്‌ അഭിപ്രായവുമില്ല.
പ്രധാനമന്ത്രി മോഡി ബി.ജെ.പിയുടെ പ്രധാനമന്ത്രിയല്ല, ഭാരതജനതയുടെ പ്രധാനമന്ത്രിയാണ്‌; അദ്ദേഹം ഹിന്ദുക്കളുടെ പ്രധാനമന്ത്രിയല്ല ഇന്ത്യയിലെ എല്ലാ മതസമുദായങ്ങളുടെയും പ്രധാനമന്ത്രിയാണ്‌. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷ അംഗങ്ങള്‍ അനിവാര്യമല്ല.
ഭൂരിപക്ഷമാണു ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത്‌ - അതാണു ജനാധിപത്യം; അതു ഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം ന്യൂനപക്ഷാവകാശങ്ങളുടെയും ചരിത്രമാണ്‌. ന്യൂനപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിലോ നീതിന്യായവകുപ്പിലോ മറ്റു വകുപ്പുകളിലോ ന്യൂനപക്ഷ സംരക്ഷണത്തിനല്ല.
അവര്‍ ജനാധിപത്യത്തിന്റെ സെക്കുലര്‍ സ്വഭാവത്തില്‍ പൊതുകാര്യങ്ങളില്‍ വിവേചന കൂടാതെ മതത്തിന്റെയോ ഗോത്രത്തിന്റെയോ സമുദായത്തിന്റെയോ പക്ഷപാതങ്ങള്‍ ഒഴിവാക്കി പ്രവര്‍ത്തിക്കേണ്ടവരാണ്‌.
ന്യൂനപക്ഷങ്ങളുടെ വോട്ടും പിന്തുണയും നേടാന്‍ ന്യൂനപക്ഷപ്രീണനം എന്ന്‌ ആരോപിക്കപ്പെടുന്ന നടപടികള്‍ ഏതാണ്ട്‌ എല്ലാ പാര്‍ട്ടികളും ചെയ്‌തുപോരുന്നതാണ്‌. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ നിയമനം ആ വിധത്തില്‍ സാധകമായിത്തന്നെ കാണുന്നു. ന്യൂനപക്ഷ പ്രീണനമല്ല ബി.ജെ.പിയില്‍നിന്ന്‌ ആഗ്രഹിക്കുന്നത്‌, ന്യൂനപക്ഷ നീതിയാണ്‌. അതിനു ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷങ്ങള്‍ക്കു തുല്യമായി പരിഗണിക്കപ്പെടുന്ന ഉറപ്പുകളും ആ വിധത്തിലുള്ള പ്രത്യയശാസ്‌ത്രസമീപനങ്ങളുമാണു വേണ്ടത്‌. ഹിന്ദു ഭൂരിപക്ഷത്തില്‍ ക്രൈസ്‌തവ ന്യൂനപക്ഷങ്ങള്‍ക്കു ലഭിച്ച തുല്യനീതി ഹിന്ദുത്വ ഭൂരിപക്ഷത്തിലും ഉറപ്പായി ലഭിക്കും എന്ന സന്ദേശവും നടപടികളുമാണു ന്യൂനപക്ഷമെന്ന വിധത്തില്‍ ക്രൈസ്‌തവര്‍ ആഗ്രഹിക്കുന്നത്‌. അതിന്‌ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ നിയമനം സഹായകമാകും എന്നു പ്രതീക്ഷിക്കാം.

ഫാ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Advertisement
Saturday 09 Sep 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW