Sunday, September 24, 2017 Last Updated 16 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 11.29 PM

മറവിയെ മറികടക്കാം

uploads/news/2017/09/143816/h1.jpg

പല രോഗങ്ങളും ചികിത്സകളും മറവിക്ക്‌ കാരണമാകും. ഒരു ഔഷധമോ പല ഔഷധങ്ങള്‍ ചേര്‍ന്ന മിശ്രിതമോ ഓര്‍മ്മക്കുറവിനും മനോവിഭ്രമത്തിനും കാരണമാകും. സ്‌ഥിരമായ മദ്യപാനം മാനസിക ശക്‌തിയെ കുറയ്‌ക്കുന്നതും മറ്റ്‌ ഔഷധങ്ങളോട്‌ പ്രതികരിച്ച്‌ പലപ്പോഴും ഓര്‍മ്മശക്‌തിയെ നശിപ്പിക്കുന്നതുമാണ്‌.
അപകടത്തിലോ, വീഴ്‌ചയിലോ തലയ്‌ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, പലതും ബോധക്ഷയം ഉണ്ടാക്കിയില്ലെങ്കില്‍ പോലും ഓര്‍മ്മക്കുറവിന്‌ കാരണമായേക്കാം. അധികമായ മാനസികസമ്മര്‍ദം, ജിജ്‌ഞാസ, വിഷാദചിന്ത എന്നിവ ഓര്‍മ്മക്കുറവിനും ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്നതിനും മനോവിഭ്രമത്തിനും ദൈനംദിന പ്രവര്‍ത്തനങ്ങളെ അലട്ടുന്നപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
വിഷാദരോഗത്തിനു കഴിക്കുന്ന മരുന്നുകള്‍, അലര്‍ജിരോഗത്തിന്‌ ഉപയോഗിക്കുന്ന ആന്റിഹിസ്‌റ്റമിന്‍, അധികമായ ആകാംഷാരോഗത്തിന്‌ ഉപയോഗിക്കുന്ന ഔഷധങ്ങള്‍, പേശികള്‍ക്ക്‌ വിശ്രമം നല്‍കാന്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍, ശസ്‌ത്രക്രിയയ്‌ക്കുശേഷം ഉപയോഗിക്കുന്ന വേദനാസംഹാരികള്‍ എന്നിവയില്‍ പലതും ഓര്‍മ്മക്കുറവ്‌ എന്ന രോഗാവസ്‌ഥയ്‌ക്കു കാരണമായിത്തീരാറുണ്ട്‌.
അമിതമായ പുകവലി തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം കുറയ്‌ക്കുന്നതു മൂലം ഓര്‍മ്മശക്‌തിക്കുറവിന്‌ കാരണമാകുന്നു.
വിഷാദം, അമിത മാനസികസമ്മര്‍ദം എന്നിവ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌ വൈഷമ്യം ഉണ്ടാക്കുകയും ഇതുമൂലം ഓര്‍മ്മശക്‌തിയെ ബാധിക്കുകയും ചെയ്യുന്നു. വളരെയധികം മാനസികസമ്മര്‍ദത്തിലായിരുന്ന ഒരാളുടെ മനസ്‌ കൂടുതല്‍ വ്യതിചലിക്കുകയും അത്‌ ഓര്‍മശക്‌തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
തലച്ചോറിലേക്കുള്ള രക്‌തക്കുഴലുകളില്‍ തടസം ഉണ്ടാകുകയോ പൊട്ടുകയോ ചെയ്യുന്നതുമൂലം രക്‌തപ്രവാഹം തടസപ്പെടുന്നു. അത്‌ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയും താല്‍ക്കാലികമായ ഓര്‍മ്മക്കുറവ്‌ ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്‌ഥയിലുള്ള ഒരു വ്യക്‌തിക്ക്‌ ചെറുപ്പകാലത്തെക്കുറിച്ചുള്ള അവ്യക്‌തമായ ഓര്‍മ്മ ഉണ്ടായിരിക്കും. എന്നാല്‍ ഇന്നത്തെ ദിവസം നടന്ന കാര്യങ്ങള്‍പോലും ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുകയില്ല.
തലച്ചോറിലുണ്ടാകുന്ന അനാവശ്യമായ കോശസമൂഹവളര്‍ച്ച (ട്യൂമര്‍) ഓര്‍മ്മക്കുറവ്‌ ഉണ്ടാക്കുകയും ചിന്താവൈകല്യങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യാറുണ്ട്‌.
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന ശേഷിക്കുറവ്‌ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ ആഗീരണത്തെ കുറയ്‌ക്കുകയും കോശങ്ങളുടെ ആരോഗ്യക്കുറവിന്‌ കാരണമാവുകയും ചെയ്യും.
ഉറക്കത്തിലെ വ്യതിയാനങ്ങളും ശരീരത്തിന്റെ പോഷകവൈകല്യങ്ങളും ഓര്‍മ്മക്കുറവിന്‌ കാരണമാകാറുണ്ട്‌. ഉറക്കത്തിന്റെ അളവും ഗുണവും ഈ കാര്യത്തില്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്‌. വളരെ കുറഞ്ഞ ഉറക്കവും ഉറക്കത്തില്‍ നിന്നും ഇടയ്‌ക്കിടെ ഉണരുന്നതും ക്ഷീണത്തിനു കാരണമാവുകയും അത്‌ ഓര്‍മ്മശക്‌തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍

നിലവാരമുള്ള ഭക്ഷണം ഓര്‍മ്മശക്‌തിയെ നിലനിര്‍ത്താന്‍ സഹായകരമാണ്‌. നല്ല കൊഴുപ്പും മാംസ്യവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതിന്‌ അനിവാര്യമാണ്‌. പ്രത്യേകിച്ചും ജീവകം ബി 1, ബി 2 എന്നിവ. ഈ ജീവകങ്ങള്‍ ചുവന്ന രക്‌താണുക്കളെയും ആരോഗ്യമുള്ള നാഡീകോശങ്ങളെയും പരിപാലിക്കുന്നതാണ്‌. അതുകൊണ്ടുതന്നെ ഇവയുടെ കുറവ്‌ ഓര്‍മ്മശക്‌തിയെ പ്രതികൂലമായി ബാധിക്കും.
ഓടുക, നീന്തുക, സൈക്കില്‍ ചവിട്ടുക മുതലായ കായിക വിനോദങ്ങള്‍ക്ക്‌ തലച്ചോറിനെയും ഓര്‍മ്മയെയും ശക്‌തിപ്പെടുത്തുന്നതില്‍ നല്ല സ്വാധീനം ഉണ്ട്‌. ഇവയൊക്കെ തലച്ചോറിലേക്ക്‌ ഓക്‌സിജനും പോഷക ഘടകങ്ങളും വേണ്ടരീതിയില്‍ എത്തിക്കുകയും നാഡികളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇവ കുട്ടികളില്‍ ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നു. വാര്‍ധക്യത്തില്‍ പോലും മാനസികാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
കുട്ടികള്‍ കായിക വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുകയും ഏതു സമയവും പഠിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്‌. ഇത്‌ തെറ്റായ പ്രവണതയാണ്‌. കായിക വിനോദങ്ങള്‍ ബുദ്ധിശക്‌തിയെ സ്വാധീനിക്കുന്നുണ്ട്‌.
നിത്യേന ഉപയോഗിക്കുന്ന ആഹാരസാധനങ്ങളില്‍ പലതിലും ബുദ്ധിശക്‌തിക്കും ഓര്‍ശക്‌തിക്കും ആവശ്യമായ ജീവകം ബി1, ബി12, മാസ്യം, കൊഴുപ്പുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. അവ തിരിച്ചറിഞ്ഞ്‌ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

മുട്ട, വെണ്ണ, ആട്ടിറച്ചി, പോത്തിറച്ചി, കക്കയിറച്ചി, ഞണ്ട്‌, കൊഞ്ച്‌, കൂന്തല്‍, ട്യൂണ, ഉണങ്ങിയ ബീന്‍സ്‌, മത്സ്യം, ഗ്രീന്‍പീസ്‌, പിസ്‌താ, പാല്‍, ഓട്‌സ്, ഓറഞ്ച്‌, അരി, ഗോതമ്പ്‌, കടലവര്‍ഗങ്ങള്‍, സോയാബീന്‍, ബദാം പരിപ്പ്‌, കശുവണ്ടി, നിലക്കടല എന്നിവയിലെല്ലാം മേല്‍പ്പറഞ്ഞ എല്ലാ ഘടകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്‌.
നെല്ലിക്ക, ബ്രഹ്‌മി, ശംഖുപുഷ്‌പം, വയമ്പ്‌, സ്വര്‍ണം, വെണ്ണ മുതലായ ബുദ്ധിശക്‌തിയെ വര്‍ധിപ്പിക്കുന്ന ചേരുവകള്‍ അടങ്ങിയ ഔഷധങ്ങള്‍ വിപണിയില്‍ സുലഭമാണ്‌. ഇവയെല്ലാം നല്ല ഫലം തരുന്നതുമാണ്‌. ധാര, ശിരോവസ്‌തി, തളം മുതലായ ആയുര്‍വേദ ചികിത്സാക്രമങ്ങളും ഔഷധങ്ങള്‍ ചേര്‍ത്ത്‌ തയാറാക്കുന്ന എണ്ണകള്‍ തലയില്‍ തേയ്‌ക്കുന്നതും ഓര്‍മ്മക്കുറവ്‌ പരിഹരിക്കുന്നതിനും ബുദ്ധിശക്‌തി വര്‍ധി ക്കുന്നതിനും ഗുണപ്രദമാണ്‌.

Ads by Google
Advertisement
Thursday 07 Sep 2017 11.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW